കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Sunday, November 11, 2007

കമ്മാരന്‍ വൈദ്യരുടെ സുകുമാരന്‍ ലേഹ്യം

അന്നൂരിലെ കമ്മാരന്‍ വൈദ്യര്‍ സരസനാണ്‌. കഥകളിഭ്രമം കലശലാണ്‌. എവിടെ കഥകളി ഉണ്ടെങ്കിലും വൈദ്യര്‍ മുണ്ടും തലയില്‍ക്കെട്ടി നേരത്തെ സ്ഥലം പിടിക്കും.

കൈപ്പുണ്യമുള്ള വൈദ്യമാണ്‌. വിഷവൈദ്യത്തിലാണ്‌ കേമന്‍. പാമ്പ്‌ കടിച്ച്‌ സമയത്തിന്‌ കമ്മാരന്‍ വൈദ്യരെ കൂട്ടിക്കൊണ്ടു വന്നാല്‍ രോഗി രക്ഷപ്പെടും തര്‍ക്കമില്ല. വീട്ടില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ എല്ലാ പച്ചമരുന്നുകളും കെട്ടില്‍ കാണും. അതിനാല്‍ മരുന്നിനൊന്നും ആളുകള്‍ പരക്കം പായേണ്ട ആവശ്യമില്ല. കമ്മാരന്‍ വൈദ്യര്‍ എത്തിയെന്നറിഞ്ഞാല്‍ രോഗിയുടെ ജീവന്‍ വരും.

ഒത്തതടി, ഖദര്‍മുണ്ടും ഷര്‍ട്ടുമാണ്‌ ഇടുക. മോണ നല്ലപോലെ കാട്ടി ചിരിക്കുമ്പോള്‍ മുറുക്കി കറ പിടിച്ച പല്ലുകള്‍ മൊത്തം പുറത്ത്‌ കാണും. സംസാരിക്കുമ്പോള്‍ വായയുടെ രണ്ടറ്റത്തും തുപ്പല്‍ നുരയും.

വല്യച്ഛന്റെ സുഹൃത്താണ്‌ വൈദ്യര്‍. വീട്ടിലെ കുടുംബവൈദ്യരുമാണ്‌. ഇടയ്‌ക്കിടെ വീട്ടില്‍ വരും. കഥകളി ഭ്രാന്തുള്ളതിനാല്‍ ഒന്നോ രണ്ടോ ദിവസം വീട്ടില്‍ താമസിച്ചേ പോകു. കമ്മാരന്‍വൈദ്യര്‍ വീട്ടില്‍ വന്നാല്‍ വീട്ടിലാകെ ഉഷാറാണ്‌. നാട്ടിലെ കഥകള്‍ തമാശയില്‍ ചാലിച്ച്‌ വൈദ്യര്‍ അടിക്കും. തൊട്ടടുത്ത വീട്ടിലെ കുഞ്ഞിരാമനും മതുക്കടയിലെ കണ്ണപ്പൊതുവാളുമൊക്കെ വൈദ്യരുടെ തമാശ കേള്‍ക്കാന്‍ ചുറ്റും കൂടും. നാട്ടില്‍ നടന്ന കാര്യങ്ങളില്‍ കുറച്ച്‌ പൊടിപ്പും തൊങ്ങലും കൂട്ടി വിളമ്പും. കേള്‍ക്കുന്നവര്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കും.

മാസത്തില്‍ രണ്ടോ മൂന്നോ തവണ വൈദ്യര്‍ വീട്ടില്‍ വരും. സന്ധ്യയോടെ കഞ്ഞികുടി കഴിഞ്ഞ്‌ കഥകളി ഭാഗവതരായ വല്യച്ഛനുമായി സംസാരിച്ചിരിക്കും. കഥകളിക്ക്‌ പോയപ്പോഴുണ്ടായ അനുഭവങ്ങളും മറ്റും വല്യച്ഛന്‍ വിവരിക്കും. രാത്രിയാകുമ്പോള്‍ ചില കഥകളിപദങ്ങളും പാടും. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ സമയംപോകുന്നതറിയില്ല.

അമ്മ അനുജത്തിയെ പ്രസവിച്ച സമയം. ഒരു ദിവസം ലേഹ്യവും ചില മരുന്നുകളും ഉണ്ടാക്കാനായി വൈദ്യര്‍ കുണിയന്‍പുഴ കടന്ന്‌ വന്നു. അന്നൂരില്‍ നിന്ന്‌ നടന്ന്‌ തന്നെ വരണം. പത്ത്‌ പതിനഞ്ച്‌ കിലോമീറ്റര്‍ കാല്‍നട തന്നെ ശരണം. വാഹനസൗകര്യമില്ല.

വൈദ്യര്‍ കുണിയനിലെത്തിയപ്പോള്‍ പുഴയില്‍ നല്ല വെള്ളം. മഴക്കാലമാണ്‌. പോരെങ്കില്‍ വേലിയേറ്റവും. ഒന്നും ആലോചിച്ചില്ല. ചുറ്റും ഒന്ന്‌ നോക്കി. ഉടുമുണ്ട്‌ ഊരി തലയില്‍ കെട്ടി. കൈയിലെ സഞ്ചിയും തലയില്‍വെച്ച്‌ പുഴ കടന്നു. നെഞ്ചുവരെ വെള്ളം. നേരെ വീട്ടില്‍ വന്ന്‌ വല്യച്ഛനോട്‌ മുണ്ട്‌ വാങ്ങി നനഞ്ഞതെല്ലാം മാറ്റി അഴയില്‍ ഉണങ്ങാനിട്ടു.

വിസ്‌തരിച്ച്‌ മുറുക്കിയ ശേഷം വൈദ്യര്‍ അമ്മയോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുകുമാരന്‍ ലേഹ്യം, പിന്നെ ഒന്ന്‌ രണ്ട്‌ അരിഷ്‌ടങ്ങള്‍. അരിഷ്‌ടം വാങ്ങാന്‍ കിട്ടും. ഇല്ലെങ്കില്‍ ഞാന്‍ ഇനി വരുമ്പോള്‍ കൊണ്ടുവരാം.

ഭാഗവതരെ, ലേഹ്യത്തിന്റെ പണി തുടങ്ങണം വൈദ്യര്‍ കടലാസില്‍ മരുന്ന്‌ കുറിച്ചു. പിന്നെ ഉരുളി, വിറക്‌, തെങ്ങിന്റെ അടിച്ചുവാര, പാണ്‌.

വൈകീട്ട്‌ വല്യച്ഛന്‍ നീലമ്പത്ത്‌ പോയി പച്ചമരുന്നുകള്‍ വാങ്ങിക്കൊണ്ടുവന്നു. അപ്പോഴേയ്‌ക്കും കളത്തില്‍ അടുപ്പുണ്ടാക്കി വൈദ്യര്‍ തീ കൂട്ടിയിരുന്നു.

രാത്രി മുഴുവന്‍ ലേഹ്യത്തിന്റെ പണി. തിളച്ചു വരുമ്പോള്‍ നല്ല മണം. തിന്നാന്‍ തോന്നും.

പുലര്‍ച്ചെ വരെ വൈദ്യര്‍ ഉരുളിയില്‍ ലേഹ്യം ഇളക്കിക്കൊണ്ടിരുന്നു. പിന്നെ ഒരു ദിവസം മുഴുവന്‍ അടച്ചുവെക്കണം. പിറ്റേന്ന്‌ വൈകുന്നേരം ലേഹ്യം ഭരണിയിലാക്കി. ഓരോ വലിയ സ്‌പൂണ്‍ വീതം എല്ലാവര്‍ക്കും രുചിക്കാന്‍ കൊടുത്തു.

തിന്നുമ്പോള്‍ വീണ്ടും വീണ്ടും വേണമെന്ന്‌ തോന്നുന്ന സുകുമാരന്‍ ലേഹ്യം.

വലിയ ഭരണിയില്‍ ലേഹ്യം റെഡി. ഭരണിക്ക്‌ വെളുത്ത തുണികൊണ്ട്‌ വായ്‌പൊതി കെട്ടി വലിയമ്മ അത്‌ കൊട്ടിലില്‍ കൊണ്ട്‌ വെച്ചു.

വീട്ടില്‍ വൈദ്യര്‍ വന്നതറിഞ്ഞ്‌ പലരും കാണാന്‍ വന്നു. എല്ലാവരും വൈദ്യരുടെ 'സഭ'യില്‍ ഇരുന്ന്‌ പൊട്ടിച്ചിരിച്ചു.

വൈദ്യര്‍ക്ക്‌ 'കണ്‍സല്‍ട്ടിംഗ്‌ ' ഫീസൊന്നുമില്ല. വലിയച്ഛന്‍ ഒരു തുക കൊടുക്കും. വല്യച്ഛന്‍ എന്ത്‌ കൊടുത്താലും വൈദ്യര്‍ക്ക്‌ സന്തോഷമാണ്‌. പണം ഇന്ന്‌ വരും നാളെ പോകും. പക്ഷേ സ്‌നേഹം അതല്ലല്ലോ ഭാഗവതരേ���..വൈദ്യര്‍ ഇത്‌ എപ്പോഴും പറയും.

അന്ന്‌ ഉച്ചയ്‌ക്ക്‌ ഊണിന്‌ വൈദ്യര്‍ക്ക്‌ ഇഷ്‌ടപ്പെട്ട മൊളീഷ്യം, മാങ്ങ പച്ചടി, വഴുതനങ്ങ, ഓലന്‍, ഭക്ഷണം കഴിച്ച്‌ മുറുക്കുന്നതിനിടയില്‍ വല്യച്ഛന്‍ വൈദ്യരോട്‌ അന്നൂരിലെ ചികിത്സയെക്കുറിച്ച്‌ ചോദിച്ചു. ചികിത്സയൊക്കെ വളരെ മോശം ഭാഗവതരേ� ഇപ്പോള്‍ പഴയപോലെയൊന്നും പാമ്പുകടിയില്ല�തമാശക്കാരനായ വൈദ്യര്‍ ഇത്‌ മനസില്‍തട്ടി സീരിയസായിട്ടാണ്‌ പറഞ്ഞത്‌.

ഭഗവാനേ പാമ്പുകടി കുറഞ്ഞത്‌ ഏതായാലും നന്നായി. ജനങ്ങളുടെ രക്ഷ. - വല്യച്ഛന്റെ വാക്കുകേട്ടപ്പോള്‍ വൈദ്യരൊന്ന്‌ ചൂളി.

അല്ല..ഭാഗവതരേ ഞാന്‍ പറഞ്ഞൂന്നേയുള്ളൂ. അങ്ങിനെതന്നെയാ വേണ്ടത്‌. വൈദ്യര്‍ സമ്മതിച്ചു.

അടുത്തദിവസം വൈദ്യര്‍ അന്നൂരേക്ക്‌ പോയി.

രണ്ടുമാസത്തേക്ക്‌ ഉണ്ടാക്കിയ സുകുമാരന്‍ ലേഹ്യം ഒരു മാസം കൊണ്ട്‌ തന്നെ തീര്‍ന്നു.

രാവിലെ അമ്മ ലേഹ്യം കഴിക്കുമ്പോള്‍ ഞാനും ഒപ്പം കൂടും!

1 Comments:

At November 11, 2007 at 9:06 PM , Blogger Sasidharan Mangathil said...

ഏത്‌ പാമ്പ്‌ കടിച്ചാലും കമ്മാരന്‍ വൈദ്യര്‍ എത്തിയാല്‍ രോഗി രക്ഷപ്പെടും

 

Post a Comment

Subscribe to Post Comments [Atom]

<< Home