കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Saturday, October 25, 2008


കുഞ്ഞാലിന്റെ കീലെ ഒറ്റക്കോലം
കൊയങ്കര സ്‌ക്കൂളിന്‌ മുന്നിലാണ്‌ കുഞ്ഞാലിന്റെ കീല്‌.വലിയൊരു അരയാല്‍ത്തറയും തറയുടെ മുകളില്‍ ചെറിയൊരു അംബലവും. അംബലം എന്നു പറയാനൊന്നുമില്ല.വിളക്കുവെക്കാന്‍ മാത്രമായി ഒരു കൂടാരം അകത്തു കയറാനാവില്ല പുറത്തുന്നിന്ന്‌ വിളക്കു വെക്കണം.കുഞ്ഞാലിന്റെ കീലെ ഒറ്റക്കോലം നാട്ടുകാരുടെ ഉത്സവമാണ്‌.ദൂരെ സ്‌ഥലത്തു ന്നിന്നുപോലും ഒറ്റക്കോലം കാണാനായി ആളുകളെത്തും.കുറേവര്‍ഷം കൂടുംബോഴാണ്‌ ഇവിടെ ഉത്സവം.ഒറ്റക്കോലത്തിന്‌ മാസങ്ങള്‍മുന്‍ബ്‌തന്നെ കുഞ്ഞാലിന്റെ കീലിനടുത്ത്‌ വിറക്‌ കുന്നു കൂടാന്‍ തുടങ്ങും.പലരും പ്രാര്‍ഥനയായി വിറക്‌കോള്ളി നല്‍കും.പ്ലാവിന്റെയുംമറ്റും കൊംബാണ്‌ വിറക്‌.ഇത്‌ മുറിച്ച്‌ അംബലത്തിനു മുന്‍ന്നില്‍ കൊണ്ടുവന്നിടും.ഉത്സവമാകുംബോഴേക്കും വിറക്‌ ഉണങ്ങി നല്ല പാകത്തിലാകും.വിഷ്‌ണു മൂര്‍ത്തിയൂടെ ഉഗ്രരൂപമാണ്‌ ഒറ്റക്കോലം.വിറക്‌ കത്തിച്ച്‌ കുന്നുകൂടുന്ന കനലില്‍ വീണ്‌ അരങ്ങുതകര്‍ക്കുന്ന ഒറ്റക്കോലംതെയ്യം അത്ഭുത കാഴ്‌ച്ചയാണ്‌.വിശ്വാസികള്‍ക്ക്‌ കുളിരുകോരുന്ന അനുഭവവും.ഒറ്റക്കോലത്തിന്റെ ദിവസമാകുംബോഴേക്കും ഒരു ചെറിയ കുന്നിന്റെ രൂപത്തില്‍ വിറക്‌ കൂട്ടിയിട്ടിട്ടുണ്ടാകും വൈകുന്നേരം തെയ്യം കൂടി വിളക്കു വെക്കുന്ന തോടെവിറകിന്‌ തീ വെക്കും അര്‍ദ്ധരാത്രിയാകുംബോഴേക്കും വിറക്‌ കത്തി കനലുകളാകും.കത്താത്തകൊള്ളി എടുത്തു മാറ്റി കനല്‍ കൂംബാരമാക്കിമാറ്റും.പുലര്‍ച്ചയാണ്‌ കനല്‍കൂംബാരത്തിലേക്കുള്ള ഒറ്റക്കോലത്തിന്റെ അഗ്നി പ്രവേശം.നിരുപ്പില്‍ വീഴുക എന്നാണിതിനെ നാട്ടില്‍ പറയുക.ഒറ്റക്കോലത്തിന്റെ സമയമാകുംബോഴേക്കും കൊയങ്കര സ്‌കൂളിലെ കുട്ടികള്‍ക്കും ഉത്സവമാണ്‌.കൂട്ടിയിട്ടിരിക്കുന്ന വിറകിന്‌ ചുറ്റും എല്ലാ ദിവസവും പോയി നോക്കും.തെയ്യം നിരുപ്പില്‍ ചാടുന്നതിനെക്കുറിച്ച്‌ പല കുട്ടിക്കഥകളും പരക്കും.ചന്തേരപ്പണിക്കരും കൊയങ്കരയിലെ മലയന്‍ പണിക്കരുമാണ്‌ സാധാരണ ഒറ്റക്കോലം കെട്ടുന്നത്‌.മലയന്‍പണിക്കരുടെ വിഷ്‌ണുമൂര്‍ത്തിരൂപം ഇന്നും എന്റെ മനസിലുണ്ട്‌.മുഖശോഭ കണ്ടാല്‍ നമ്മള്‍ തൊഴുതുപോകും.മലയന്‍ പണിക്കര്‍ ഒറ്റക്കോലം കെട്ടിയ ആ കാഴ്‌ച്ച ഒരു അനുഭവമാവിരുന്നു.അര്‍ദ്ധരാത്രിയോടെ കനല്‍കൂട്ടി നിരുപ്പ്‌ ഒരുങ്ങിക്കഴിഞ്ഞാല്‍ തെയ്യത്തിന്റെ തോറ്റം തുടങ്ങും.പുലര്‍ച്ചെ രണ്ടുമണിയോടെ ഒറ്റക്കോലം കെട്ടാന്‍ തുടങ്ങും.കുരുത്തോലയുടെ മടല്‍ തോരണംപോലെയാക്കിവെക്കും.ഇത്തരം പത്തോ പതിനഞ്ചോ കുരുത്തോല അരയില്‍ ചുറ്റികെട്ടും.അവസാനത്തെ ചുറ്റു കഴിഞ്ഞാല്‍ കെട്ടുന്നവരെല്ലാം ചേര്‍ന്ന്‌ അരക്കെട്ടില്‍ പിടിച്ച്‌ തെയ്യക്കാരനെ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിക്കും.കെട്ട്‌ മുറുകിയോ എന്ന്‌ നേക്കാനാണിത്‌.നെഞ്ചിന്‌ ചുറ്റും കുരുത്തോലക്കൂട്‌ വേറേയുമുണ്ടാകും.പുലര്‍ച്ചെ മൂന്ന്‌ മണിയോടെ തെയ്യം കെട്ടിത്തീരും.ചെണ്ട മേളത്തില്‍ തെയ്യം ഉറഞ്ഞ്‌തുള്ളാന്‍ തുടങ്ങിയാല്‍പ്പിന്നെ നിരുപ്പില്‍ വീഴും.കനല്‍കൂംബാരത്തിനു മുകളില്‍ പല തവണ തെയ്യം ഇരിക്കും.ഈ സമയം കൂടെയുള്ളവര്‍ തെയ്യത്തെ പിടിച്ചെഴുന്നേല്‍പ്പിക്കും.പേത്താ ഇരുപതോ തവണ കനലില്‍ ഇരുന്നുകഴിഞ്ഞാല്‍ പിന്നീട്‌ കനലില്‍ കമിഴ്‌ന്നു കിടക്കും.ഈ സമയം കുറേ കനല്‍ കട്ടകള്‍ കുരുത്തോലക്കൂട്ടിനകത്തേക്ക്‌ വീഴും.പൊള്ളുകയും ചേയ്യും.മലയന്‍ പണിക്കര്‍ അന്ന്‌ ഒറ്റക്കോലം കെട്ടിയപ്പോള്‍ തീയില്‍ച്ചാട്ടം കെങ്കേമമായി.ഇത്‌ അവസാനിക്കുന്നതിനുമുംബ്‌ തെയ്യത്തിന്റെ ചോദ്യമുണ്ട്‌.അഗ്നിപ്രവേശം മതിയോ എന്റെ അകംബടിമാരെ ?അപ്പോള്‍ മതിയെന്ന്‌ ഭക്തര്‍ തലയാട്ടി.പിന്നീട്‌ മഞ്ഞക്കുറി നല്‍കി അനുഗ്രഹം.ഗുണംവരണം പൈതങ്ങളേ. ഗുണംവരണം.എല്ലാവരും ദക്ഷിണയായി പൈസ കൊടുത്ത്‌ മഞ്ഞക്കുറി വാങ്ങും.തെയ്യം മുടി അഴിക്കാറാകുംബോഴേക്കും നേരം പുലരും.ഒറ്റക്കോലം കഴിഞ്ഞാല്‍ പിന്നെ പണിക്കര്‍ ഒരു മാസം മറ്റ്‌ തെയ്യക്കോലങ്ങളൊന്നൂം കെട്ടാറില്ല.മുഖവും ദേഹവുമെല്ലാം കരുവാളിച്ചിരിക്കും.ഇത്‌ മാറലിക്കിട്ടണമെങ്കില്‍ നൈസേവയും മരുന്നും വേണം.ഇടയ്‌ക്കൊക്കെ പണിക്കര്‍ വീട്ടില്‍ വരും.ഭവ്യതയോടെ തംബ്രാക്കളെ എന്നാണ്‌ വല്യമ്മയെ വിളിക്കാറ്‌.കുട്ടികളെ കുഞ്ഞുതംബ്രാന്‍ എന്നാണ്‌ വിളിക്കുക.ചിലപ്പോള്‍ വരുന്ന വഴി കുറച്ച്‌"നാടന്‍"അകത്താക്കിയിട്ടുണ്ടെങ്കില്‍ വായപൊത്തിയേ സംസാരിക്കൂ.ഷര്‍ട്ടിടാതെ കഴുത്തില്‍ ഒരു മുണ്ട്‌ മാത്രം ഇട്ട്‌ നടക്കുന്ന മലയന്‍പണിക്കര്‍ എല്ലാവരേയും കൈകൂപ്പി തൊഴും.പക്ഷെ തെയ്യം കെട്ടിയാല്‍ പിന്നെ പണിക്കര്‍ ദൈവമാണ്‌ ഭക്തര്‍ പണിക്കരെ തൊഴുതുനില്‍ക്കും.

4 Comments:

At October 25, 2008 at 8:22 PM , Blogger smitha adharsh said...

പാവം തെയ്യം..! പൊള്ളല്‍ ഒന്നും തെയ്യത്തിനില്ലേ?

 
At October 28, 2008 at 1:11 AM , Blogger Jayasree Lakshmy Kumar said...

കഷ്ടം തോന്നുന്നു. എന്തെല്ലാം ആചാരങ്ങൾ

 
At November 17, 2008 at 8:21 PM , Blogger Cartoonist Gireesh vengara said...

nostalgia...nostalgia...nostalgia..
nice...

http://gireeshvengara.blogspot.com
http://gireeshvengacartoon.blogspot.com
http://www.nattupacha.com/content.php?id=86

 
At December 22, 2010 at 11:09 PM , Blogger Sasidharan Mangathil said...

Photo of Vishnumoorthy theyyam,another roopam of Ottakolam

Mangathil

 

Post a Comment

Subscribe to Post Comments [Atom]

<< Home