കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Sunday, December 14, 2008

സെന്റ്‌ പോള്‍സിലെ ക്രിസ്‌മസ്‌ക്കാലം

സെന്റ്‌ പോള്‍സിലെ ക്രിസ്‌മസ്‌ക്കാലം
കൊയങ്കര സ്‌ക്കൂളില്‍ നാലാം ക്ലാസ്‌ വരെയുള്ളു.യൂ.പി സ്‌ക്കൂളും ഹൈസ്‌ക്കൂളും തൃക്കരിപ്പൂര്‍ ടൗണിലാണ്‌.
നീലമ്പത്ത്‌ എന്ന നാടന്‍ പേരുള്ള തൃക്കരിപ്പൂരെത്തണമെങ്കില്‍ കൊയങ്കരയില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ നടക്കണം.ഇടവഴികളിലൂടെയുള്ള യാത്ര.
ടൗണിന്റെ ഒരു ഭാഗത്താണ്‌ സെന്‍്‌റ പോള്‍സ്‌ യൂ.പി സ്‌ക്കൂള്‍.'ഫാദര്‍ സ്‌ക്കൂള്‍' എന്നാണ്‌ ഞങ്ങള്‍ വിളിക്കുക.വട്ടത്തൊപ്പിയും ലോഹയുമിട്ട ഇറ്റലിക്കാരനായ ഫാദര്‍ അലോഷ്യസ്‌ ഡെല്‍സോട്ടോ ആണ്‌ സ്‌ക്കൂള്‍ മാനേജര്‍. ഇവിടെ ഏഴാം ക്ലാസ്‌ വരെയുള്ളു.ഓര്‍ഫണേജും മഠവുമുള്ള സ്‌ക്കൂളില്‍ അധ്യാപകരായി സിസ്‌റ്റര്‍മാരുമുണ്ട്‌ മദറാണ്‌ പ്രധാനാധ്യാപിക.
ഡിസംബര്‍ മാസമാകുന്നതോടെ ക്രിസ്‌മസ്‌ കാലമായി.
സ്‌കൂളിനുതൊട്ടുള്ള പള്ളിക്കു ചുറ്റും നക്ഷത്രങ്ങളും തോരണങ്ങളും തുക്കിയിടും.കണ്ണ്‌ചിമ്മിത്തുറക്കുന്നനക്ഷത്രങ്ങളും ഓട്ടോമാറ്റിക്ക്‌ ബള്‍ബുകളും സ്‌ക്കൂള്‍ അങ്കണത്തെ മനോഹരമാക്കും.
ഡിസംബര്‍ മാസത്തില്‍ സ്‌ക്കൂളില്‍ ഒരു പ്രത്യേക അന്തരീക്ഷമാണ്‌.ഇറ്റലിയില്‍ നിന്നും മറ്റും മഠത്തിലേക്കും ഓര്‍ഫണേജിലേക്കും നിരവധി ക്രിസ്‌മസ്‌കാര്‍ഡുകള്‍ ഒഴുകിയെത്തും ഇതെല്ലാം ഓര്‍ഫണേജിലെ കുട്ടികള്‍ ക്ലാസില്‍ കൊണ്ടു വരും.പത്രമാസികകള്‍ പോലും കിട്ടാത്തകാലം(1970-77).
ഭംഗിയുള്ളക്രിസ്‌മസ്‌ കാര്‍ഡുകള്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക്‌ ആവേശമാണ്‌.
കന്യാമറിയം, ഉണ്ണിയേശു, പുല്‍ക്കൂട്‌, നക്ഷത്രങ്ങള്‍ ഇതെല്ലാം വെട്ടി വെവ്വേറെയാക്കി തുറക്കുംമ്പോള്‍ ഉയര്‍ന്നുവരുന്ന രീതിയിലുള്ള കാര്‍ഡുകളാണ്‌ പലതും.കാര്‍ഡിലെ കുഞ്ഞാടുകള്‍ക്ക്‌ പ്രത്യേക സൗന്തര്യവും ഓമനത്വവുമുണ്ട‌ കണ്ടാല്‍ നോക്കിനിന്നു പോകും.ആട്ടിന്‍പറ്റത്തെ മേയ്‌ക്കുന്ന ഇടയനും,പുല്‍ക്കൂടും,നക്ഷത്രങ്ങളുമെല്ലാം വര്‍ണ്ണം വാരിവിതറി മനസ്സിനെ സന്തോഷിപ്പിക്കും.
വിന്‍സെന്റും പീറ്ററും ഒരുപാട്‌ കാര്‍ഡുകള്‍ ക്ലാസില്‍ കൊണ്ടുവരും.മറ്റ്‌ കുട്ടികളെ കൊതിപ്പിക്കുന്ന തരത്തില്‍ ഓരോന്നായി കാണിച്ചുകൊണ്ടേയിരിക്കും.പീറ്റര്‍ എന്റെ അടുത്താണ്‌ ഇരിക്കുന്നത്‌.പീറ്റര്‍ നന്നായി വരയ്‌ക്കും കാര്‍ഡിലെ ചിത്രങ്ങള്‍ മാഷില്ലാത്ത സമയത്ത്‌ പെന്‍സില്‍ കൊണ്ടുവരയ്‌ക്കും.ഞാനും നോക്കി വരയ്‌ക്കും.വരച്ച്‌ അതുപോലോരു കാര്‍ഡുണ്ടാക്കി മറ്റ്‌ കുട്ടികളെ കാണിക്കും.
പീറ്റര്‍ വരയ്‌ക്കുന്ന കുഞ്ഞാടുകളെ നോക്കി വരച്ച്‌ പെന്‍സില്‍ ഡ്രോയിങ്ങിലെ ബാലപാഠങ്ങള്‍ ഞാനും വശത്താക്കി.പെന്‍സില്‍ ഷെയ്‌ഡിങ്ങ്‌ പഠിച്ചു. ഇടയ്‌ക്ക്‌ അഞ്ചോ പത്തോ പൈസ കൊടുത്താല്‍ പീറ്റര്‍ കാര്‍ഡ്‌ സ്വന്തമായി തരും.കാര്‍ഡ്‌ വില്‍പ്പന പുറത്തറിഞ്ഞാല്‍ അധ്യാപികമാരായ സിസ്‌റ്റര്‍മാര്‍ പിടികൂടും മദറിന്റെ അടുത്ത്‌ കൊണ്ടു പോകും.പിന്നെ ചൂരല്‍ പ്രയോഗമാണ്‌.അതുകൊണ്ട്‌ വളരെ രഹസ്യമായിട്ടാണ്‌ കാര്‍ഡ്‌ വില്‍പ്പന.
ഡിസംബര്‍ ജനവരി മാസം ക്ലാസില്‍ ചിത്രം വരയുടെ കാലമാണ്‌.പലരും കാര്‍ഡുകള്‍ നോക്കി വരയ്‌ക്കും.സ്വന്തമായി കാര്‍ഡ്‌ കിട്ടാത്തവര്‍ ഇങ്ങനെ ന്യൂ ഇയര്‍ കാര്‍ഡ്‌ ഉണ്ടാക്കും.ഒരു ദിവസം ഞാനും പീറ്ററും വരച്ച ചിത്രങ്ങള്‍ ഡ്രോയിങ്ങ്‌ മാഷായ പ്രഭാകരന്‍ മാസ്‌റ്റര്‍ കണ്ടു.
നന്നായിരിക്കുന്നു.പ്രഭാകരന്‍ മാസ്‌റ്റര്‍ ഞങ്ങളുടെ പുറത്തു തട്ടി പറഞ്ഞു.
ചിത്രം വരയ്‌ക്കുന്നതില്‍ ആദ്യം കിട്ടിയ അംഗീകാരമായിരൂന്നു അത്‌.
മാര്‍ച്ച്‌ മാസമാകുന്നതോടെ പരീക്ഷയായി.കണക്ക്‌,സാമൂഹ്യം,സയന്‍സ്‌....ഒരുപാട്‌ പഠിക്കണം.പഠിക്കുമ്പോള്‍ ചിന്ത ക്രിസ്‌മസ്‌ കാലത്തെക്കുറിച്ചായിരിക്കും.
കുഞ്ഞാടുകളെയും ഉണ്ണിയേശുവിനെയും വരച്ച്‌ കളിച്ച്‌ ചിരിച്ച്‌ നടന്ന നല്ല സമയം.
അങ്ങനെ എല്ലാവര്‍ഷവും ഡിസംമ്പര്‍ മാസമാകാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കുമായിരുന്നു.

1 Comments:

At December 16, 2008 at 4:51 AM , Blogger चेगुवेरा ചെഗുവേര said...

ക്രിസ്മസ് ഇങ്ങെത്തി..അഭയയുടെ ആത്മാവിന് ഗതി കിട്ടാതിരിക്കാന്‍ സഭയും വിശ്വാസികളും ഒന്നിച്ചു നില്‍ക്കുമ്പോള്‍ എങ്ങനെ ഒരാശംസ നേരും..

 

Post a Comment

Subscribe to Post Comments [Atom]

<< Home