കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Saturday, December 20, 2008

വണ്ണാന്‍ കുഞ്ഞാരന്റെ കൈപ്പുണ്യം

വീട്ടില്‍ കുട്ടികള്‍ക്ക്‌ സുഖമില്ലാതായാല്‍ ഉടന്‍ വണ്ണാന്‍ കുഞ്ഞാരനെ വിളിച്ചു കൊണ്ടുവരും.എടാട്ടുമ്മലിനടുത്ത്‌ ചെറിയ ഓലപ്പുരയിലാണ്‌ കുഞ്ഞാരന്റെ താമസം.
തെയ്യം കെട്ടുന്ന സമുദായക്കാരാണ്‌ വണ്ണാമ്മാര്‍.പഴയ തെയ്യക്കാരനായ കുഞ്ഞാരന്‌ വയസ്‌ എഴുപത്‌ കടക്കും.
കറുത്ത്‌ കൂനുള്ള കുഞ്ഞാരന്‍ എന്ന നീളം കുറഞ്ഞ മനുഷ്യനെ നാട്ടുകാര്‍ക്കെല്ലാം ഇഷ്ട്‌മാണ്‌.വയസായതോടെ തെയ്യം കെട്ടാന്‍ പറ്റാതായപ്പോള്‍ നാട്ടു വൈദ്യം ചെയ്‌താണ്‌ കുഞ്ഞാരന്‍ കുടുംബത്തെനോക്കിയിരുന്നത്‌.
തോളിലെ വേഷ്ടിക്കിരുവശവും ചെറിയകെട്ടുമായി വീടുകളിലേക്ക്‌ കുഞ്ഞാരന്‍ മെല്ലെ നടന്നു വരും.വൈദ്യം ചെയ്‌ത്‌ വീടുകളില്‍ നിന്നുകിട്ടുന്ന അരിയും നെല്ലുമാണ്‌ വേഷ്ടിയില്‍ുചുരുട്ടിക്കെട്ടുന്നത്‌.ചെറിയ കുട്ടികള്‍ രാവും പകലും നിര്‍ത്താതെ കരയുക,വയര്‍ പൊങ്ങിവരുക തുടങ്ങിയ സുഖക്കേട്‌ വന്നാല്‍ കുഞ്ഞാരന്റെ ചികിത്സയാണ്‌.
കുഞ്ഞാരന്‍ വന്നാല്‍ഇറയത്താണ്‌ ഇരിക്കുക.ചമ്രംപടിഞ്ഞ്‌ ഇരിക്കുന്ന കുഞ്ഞാരന്റെ കയ്യിലേക്ക്‌ കുഞ്ഞിനെ മെല്ലെ ഇട്ടുകൊടുക്കും.തൊടാന്‍ പാടില്ല.വണ്ണാന്‍ താഴ്‌ന്നജാതിക്കാരനാണ്‌.അമ്മ തമ്പ്രാക്കളെ എന്നാണ്‌ വലിയമ്മയെ വിളിക്കുക.കരഞ്ഞുവിളിക്കുന്ന കുട്ടി കുഞ്ഞാരന്റെ കയ്യില്‍ വീഴുന്നതോടെ കരച്ചില്‍ നിര്‍ത്തും.അത്‌കുഞ്ഞാരന്റെ കൈപ്പുണ്യമാണ്‌.
കുഞ്ഞിനെ കയ്യിലെടുത്ത്‌ കുഞ്ഞാരന്‍ മന്ത്രങ്ങള്‍ ജപിച്ച്‌ ഊതും കയ്യിലുള്ള തുണിക്കെട്ടില്‍ നിന്ന്‌ ഭസ്‌മവും മറ്റുമെടുത്ത്‌ മന്ത്രം ജപിക്കും.അരിയും ഭസ്‌മവും ചുരുട്ടിപ്പിടിച്ച്‌ കുഞ്ഞിന്റെ തലയ്‌ക്കു ചുറ്റും ഉഴിയും.ചെവിയില്‍ പല തവണ ഊതുകയും ചെയ്യും.ചില പച്ച മരുന്നിന്റെ വേരും തണ്ടും തയച്ച്‌ ഉള്ളില്‍കൊടുക്കാന്‍ തരും.കായം ചെറിയ തുണിയില്‍ കെട്ടി കഴുത്തില്‍ കെട്ടിത്തൂക്കാന്‍ പറയും.വിരശല്യം ഒഴിവാക്കാനുള്ള ചികിത്സയുടെ ഭാഗമാണിത്‌.കാലുകള്‍ മെലിഞ്ഞു പോകുന്ന പുള്ളിന്റെ കൂട്ട്‌ എന്ന രോഗ ചികിത്സയ്‌ക്ക്‌ പേരുകെട്ട വൈദ്യന്‍ കൂടിയാണ്‌ കുഞ്ഞാരന്‍.ചികിത്സാ വിധികള്‍ പറഞ്ഞു കഴിഞ്ഞാല്‍ കുഞ്ഞിനെ തിരിച്ചുതരും നേരെ തൊട്ടിലില്‍ കൊണ്ടു പോയി കിടത്തിയാല്‍ കുട്ടി ഉറങ്ങിയിട്ടുണ്ടാകുംപിന്നെ രണ്ടു ദിവസത്തേക്‌ കുട്ടി ശാന്തമായി ഉറങ്ങും ഉന്മേഷവുമുണ്ടാകും.കുഞ്ഞാരന്റെ മന്ത്രശക്ത്‌തിയെ എല്ലാവരും വിശ്വസിക്കുന്നതും ഇതുകൊണ്ടാണ്‌.
ചികിത്സ കഴിഞ്ഞാല്‍ ഓട്ടിന്റെ ഗ്ലാസില്‍ ചിലപ്പോള്‍ കുഞ്ഞാരന്‌ വലിയമ്മ ചായ കൊടുക്കും.കുടിച്ചുകഴിഞ്ഞ്‌ ഗ്ലാസ്‌ കഴുകാന്‍ മുരുടയില്‍ വെള്ളവും കൊടുക്കും.ഗ്ലാസ്‌ വടിച്ച്‌ കുഞ്ഞാരന്‍ അത്‌ ഇറയത്ത്‌ കമിഴ്‌ത്തിവെക്കും ചികിത്സയ്‌ക്ക്‌ നെല്ലോ അരിയോ ആണ്‌ കൊടുക്കുക.പൈസ തന്നെ വേണമെന്ന്‌ നിര്‍ബന്ധമില്ല.
ഞങ്ങള്‍ സ്‌കൂളിലേക്ക്‌ പോകുംമ്പോഴെല്ലാം പല വഴികളിലും കുഞ്ഞാരനെ കാണും.തമ്പ്രാക്കളെ എന്നു പറഞ്ഞ്‌ ഞങ്ങളെ താണു തൊഴും.
കുഞ്ഞാരന്‍ ഇന്നില്ല.കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞതോടെ കുഞ്ഞാരന്റെ ചികിത്സാ രഹസ്യങ്ങളും മറഞ്ഞു.അത്‌ ആര്‍ക്കും പകര്‍ന്ന്‌ കിട്ടിയില്ല.പരമ്പരാഗതമായി കാലങ്ങളായുള്ള ചികിത്സയിലൂടെ,കുഞ്ഞാരന്‍ കണ്ടെത്തിയ പച്ച മരുന്നുകളും മന്ത്രം എന്ന സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്‍്‌റും പുതിയ തലമുറയ്‌ക്കിന്ന്‌ അജ്ഞാതമാണ്‌.
നാട്ടുവൈദ്യന്മാര്‍ ഒരുകാലത്ത്‌ ഗ്രാമങ്ങളുടെ രക്ഷകന്മാരായിരുന്നു.പ്രതിഫലം പ്രതീക്ഷിക്കാതെ രോഗം മാറ്റുന്ന ദൈവങ്ങള്‍.തെയ്യം കെട്ടിയാടുന്നകുഞ്ഞാരന്‍ കൊയങ്കരക്കാരുടെ ദൈവം തന്നെയായിരുന്നു-ഒരിക്കല്‍.

1 Comments:

At December 21, 2008 at 8:04 PM , Blogger മുസാഫിര്‍ said...

മണ്മറയുന്ന ഗ്രാമനന്മയില്‍ ഇതും കൂടി..നന്നായി.

 

Post a Comment

Subscribe to Post Comments [Atom]

<< Home