കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Thursday, December 27, 2007

ഊതിപ്പൊന്തി ഗോപാലന്‍

മൊയോറെ അറേക്കാലെ പൂരംകുളിയും പാട്ടും കൊയങ്കരക്കാര്‍ക്ക്‌ ഹരമാണ്‌. പൂരം മീനത്തിലും പാട്ട്‌ വൃശ്ചികത്തിലുമാണ്‌.
മുന്നിലൊരു അരയാലും കുളവും മറ്റുമുള്ള ക്ഷേത്രം ഉത്സവകാലമാകുമ്പോഴേക്കും അണിഞ്ഞൊരുങ്ങും. മുന്ന്‌ ചെറിയ അമ്പലങ്ങളാണ്‌ മതിലിനകത്ത്‌. മുന്നിലൊരു പടിപ്പുരയും. ഉത്സവസമയത്ത്‌ അകം ചാണകം മെഴുകി വൃത്തിയാക്കും. അമ്പലങ്ങള്‍ക്ക്‌ പെയിന്റ്‌ കൊടുക്കും. അകത്ത്‌ പന്തലിട്ട്‌ മേക്കട്ടി തൂക്കും. തിരിയോലകൊണ്ട്‌ വിതാനിക്കും.
മീന്‍പിടുത്തവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന 'മൊകയര്‍' സമുദായത്തിന്റേതാണ്‌ ക്ഷേത്രം. മൊകയര്‍ എന്നത്‌ ചുരുക്കി മൊയോര്‍ എന്ന്‌ പറയും. ക്ഷേത്രങ്ങള്‍ക്ക്‌ പൊതുവെ അറ എന്ന്‌ പറയാറുണ്ട്‌. അങ്ങിനെയാണ്‌ 'മൊയോറ അറ' എന്ന പേരുവന്നത്‌.
പാട്ടും പൂരവുമായാല്‍ കുടുമ കെട്ടിയ വെളിച്ചപ്പാടന്മാരും ആചാരക്കാരും പല ഭാഗത്തുനിന്നും ക്ഷേത്രത്തില്‍ വരും. പേക്കടം, നീലേശ്വരം, കാഞ്ഞങ്ങാട്‌, ബേക്കലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം സമുദായത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തിലെത്തും.
പാട്ട്‌ നാല്‌ ദിവസമാണ്‌. നാലാം ദിവസം തേങ്ങയേറ്‌ എന്ന ചടങ്ങോടെയാണ്‌ ഇത്‌ അവസാനിക്കുക.
മീനമാസത്തിലെ പൂരംകളിക്ക്‌ പൂരക്കളി ഉണ്ടാകും. അസ്രാളന്റെയും കുളിയന്റെയും വെളിച്ചപ്പാടന്മാര്‍ പട്ടുടുത്ത്‌ വാളുമായി ഉറഞ്ഞ്‌തുള്ളും. കുളിയനെ കുട്ടികള്‍ക്കെന്നല്ല വലിയവര്‍ക്കും പേടിയാണ്‌. ശൂലവുമായി ക്ഷേത്രത്തിന്‌ ചുറ്റും ഓടും. ഇടയില്‍ അടുത്ത്‌ കൂടി നില്‍ക്കുന്നവരെ ശൂലംകൊണ്ട്‌ കുത്താന്‍ ഓങ്ങും. കുളിയന്റെ വെളിച്ചപ്പാടിനെ ഉത്സവമില്ലാത്ത കാലത്ത്‌ വഴിയിലെവിടെയെങ്കിലും കണ്ടാല്‍ ഞങ്ങള്‍ കുട്ടികള്‍ പേടിച്ച്‌ പായും.
പൂരത്തിന്റെ അന്ന്‌ വൈകുന്നേരം കുണിയന്‍ പുഴയിലേക്ക്‌ എഴുന്നള്ളത്താണ്‌. അസ്രാളനും കുളിയനും മറ്റ്‌ ആചാരക്കാരും കുണിയന്‍ പുഴയില്‍ മുങ്ങിനിവരും. പൂരംകുളി ചടങ്ങ്‌ കഴിഞ്ഞ്‌ വഴിനീളെ കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ കുറി നല്‍കി അനുഗ്രഹിച്ച്‌ അസ്രാളനും കുളിയനും ക്ഷേത്രത്തിലേക്ക്‌ മടങ്ങും.
പൂരംകുളിയും പാട്ടും വരുന്ന കാലത്തേക്ക്‌ കുട്ടികള്‍ പൈസ ചായിച്ച്‌ വെക്കും (കൂട്ടിവെക്കും). ഉത്സവസമയത്ത്‌ ക്ഷേത്രത്തിനും ചുറ്റും ചന്തയാണ്‌. കടല, കലണ്ടര്‍, മിഠായി, ബലൂണ്‍, കച്ചവടക്കാര്‍ ഒരു ഭാഗത്ത്‌ ഹോട്ടല്‍, സോഡ, തുണിക്കച്ചവടം എന്നിവ മറ്റൊരു ഭാഗത്ത്‌ സര്‍വ്വത്ത്‌കാരന്റെ മേശമേല്‍ നിരത്തിവെച്ച ഗ്ലാസില്‍ നിറച്ച പല നിറത്തിലുള്ള സര്‍വ്വത്ത്‌ കണ്ടാല്‍ വായില്‍ വെള്ളം വരും. പക്ഷെ, കുടിച്ചാല്‍ വയറുവേദന വരുമെന്ന്‌ വീട്ടില്‍നിന്ന്‌ ഭീഷണിയുള്ളതുകൊണ്ട്‌ കുടിക്കാറില്ല.
ഓലകൊണ്ട്‌ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ഹോട്ടലിലെ അലമാരയില്‍ ഉണ്ടക്കായി, പഴംപൊരി തുടങ്ങിയ പലഹാരങ്ങള്‍! മുളയില്‍ തൂക്കിയിട്ട നേന്ത്രപ്പഴ കുലകള്‍! രാത്രി പെട്രോള്‍മാക്‌സിന്റെ വെളിച്ചത്തില്‍ തെളിയുന്ന ശിവകാശി കലണ്ടറുകള്‍. ഇന്ദിരാഗാന്ധി, ജയപ്രകാശ്‌ നാരായണന്‍, മൊറാര്‍ജിദേശായ്‌, സഖാവ്‌ കൃഷ്‌ണപിള്ള, ഇ.എം.എസ്‌, അഴീക്കോടന്‍ രാഘവന്‍, ഇ.കെ. നായനാര്‍, ശിഹാബ്‌ തങ്ങള്‍, സി.എച്ച്‌. മുഹമ്മദ്‌കോയ ഇങ്ങിനെ പോകുന്നു കലണ്ടര്‍ ചിത്രങ്ങള്‍. അടിഭാഗത്ത്‌ രാമന്‍ ലിത്തോ വര്‍ക്‌സ്‌, ശിവകാശി എന്നൊക്കെ പരസ്യം ഉണ്ടാകും.
ചന്തയില്‍ ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ നേരെപോയി നില്‍ക്കുക ഊതിപ്പൊന്തി ഗോപാലന്റെ അടുത്താണ്‌. ഗോപാലന്റെ ഊതിപ്പൊന്തി (ബലൂണ്‍) സ്റ്റാന്‍ഡില്‍ മാലമാലയായി തൂക്കിയിട്ടിരിക്കുന്ന കളിസാധനങ്ങളും ബലൂണും കണ്ടാല്‍ മതിയാവില്ല. ഗോപാലന്‍ കാറ്റടിക്കുന്ന പമ്പ്‌കൊണ്ട്‌ ചെറിയ ഉണ്ട ബലൂണ്‍ വീര്‍പ്പിച്ചുകൊണ്ടേയിരിക്കും. ഇതില്‍ കുറച്ച്‌ കടുക്‌ വാരിയിട്ടാണ്‌ കാറ്റടിക്കുക. നിമിഷങ്ങള്‍ക്കകം ചെറിയ കമ്പ്‌ വെച്ച്‌ കെട്ടും. കുലുങ്ങുന്ന ബലൂണ്‍ റെഡി. ബലൂണ്‍ പലതരം. വാലുള്ള കുരങ്ങ്‌, ആപ്പിള്‍ ഇങ്ങിനെ പല രൂപങ്ങള്‍. ഓടകൊണ്ട്‌ ഉണ്ടാക്കിയ ബലൂണ്‍ പീപ്പി ഊതി കാറ്റ്‌ പോകുമ്പോള്‍ പ്യാ???എന്ന്‌ ശബ്‌ദിച്ചുകൊണ്ടേയിരിക്കും.
ചെറിയ മൗത്ത്‌ ഓര്‍ഗന്‍, ടിക്‌ ടിക്‌ ശബ്‌ദമുണ്ടാക്കുന്ന ടിന്നിന്റെ കഷ്‌ണംകൊണ്ടുള്ള 'ഞൊട്ട' കാര്‍, ബസ്സ്‌, വിടര്‍ത്താവുന്ന പൂവ്‌ ഇങ്ങിനെ നൂറുകൂട്ടം കളിസാധനങ്ങള്‍ കണ്ട്‌ അന്ധംവിട്ട്‌ നില്‍ക്കുന്ന കുട്ടികളെ ഗോപാലന്‍ ഇടയ്‌ക്കിടെ ഒഴിക്കും. വിട്ട്‌ പോ പിള്ളേരെ???.ഈ നോക്കിനില്‍പ്പേയുള്ളൂ, ഒരു ബലൂണോടെ കൈയിലെ പൈസ തീരും. പിന്നെ എങ്ങിനെ ഗോപാലന്‍ ഓടിക്കാതിരിക്കും.
നാട്ടിലെവിടെ ഉത്സവമുണ്ടെങ്കിലും ഊതിപ്പൊന്തി ഗോപാലന്‍ എത്തും. തൊട്ടടുത്ത്‌ ഗോപാലന്റെ വയസായ അമ്മ ഇരുന്ന്‌ കടലയും വില്‍ക്കും. കൈയില്‍ പൈസയില്ലെങ്കിലും ഗോപാലന്റെ ഊതിപ്പൊന്തികള്‍ കണ്ടും അതിന്റെ മണം ആസ്വദിച്ചും അങ്ങിനെ മണിക്കൂറുകളോളം ഞങ്ങള്‍ നില്‍ക്കാറുണ്ട്‌. ബലൂണ്‍ വില്‍പ്പനക്കാര്‍ അന്ന്‌ നാട്ടില്‍ അധികമില്ല. ഉണ്ടെങ്കില്‍ തന്നെ ഗോപാലന്റെ അടുത്ത്‌ മറ്റ്‌ ബലൂണ്‍ വില്‍പ്പനക്കാര്‍ നിഷ്‌പ്രഭം.
വീട്ടിലെത്തിയാല്‍ രാത്രി തന്നെ ചിലപ്പോള്‍ ബലൂണ്‍ പൊട്ടും. പിന്നെ കരച്ചിലാണ്‌. അപ്പോള്‍ അമ്മ സമാധാനിപ്പിക്കും. ഇനി നമുക്ക്‌ അടുത്ത പൂരത്തിന്‌ വാങ്ങാം.