കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Sunday, November 11, 2007

കമ്മാരന്‍ വൈദ്യരുടെ സുകുമാരന്‍ ലേഹ്യം

അന്നൂരിലെ കമ്മാരന്‍ വൈദ്യര്‍ സരസനാണ്‌. കഥകളിഭ്രമം കലശലാണ്‌. എവിടെ കഥകളി ഉണ്ടെങ്കിലും വൈദ്യര്‍ മുണ്ടും തലയില്‍ക്കെട്ടി നേരത്തെ സ്ഥലം പിടിക്കും.

കൈപ്പുണ്യമുള്ള വൈദ്യമാണ്‌. വിഷവൈദ്യത്തിലാണ്‌ കേമന്‍. പാമ്പ്‌ കടിച്ച്‌ സമയത്തിന്‌ കമ്മാരന്‍ വൈദ്യരെ കൂട്ടിക്കൊണ്ടു വന്നാല്‍ രോഗി രക്ഷപ്പെടും തര്‍ക്കമില്ല. വീട്ടില്‍ നിന്ന്‌ പുറപ്പെടുമ്പോള്‍ എല്ലാ പച്ചമരുന്നുകളും കെട്ടില്‍ കാണും. അതിനാല്‍ മരുന്നിനൊന്നും ആളുകള്‍ പരക്കം പായേണ്ട ആവശ്യമില്ല. കമ്മാരന്‍ വൈദ്യര്‍ എത്തിയെന്നറിഞ്ഞാല്‍ രോഗിയുടെ ജീവന്‍ വരും.

ഒത്തതടി, ഖദര്‍മുണ്ടും ഷര്‍ട്ടുമാണ്‌ ഇടുക. മോണ നല്ലപോലെ കാട്ടി ചിരിക്കുമ്പോള്‍ മുറുക്കി കറ പിടിച്ച പല്ലുകള്‍ മൊത്തം പുറത്ത്‌ കാണും. സംസാരിക്കുമ്പോള്‍ വായയുടെ രണ്ടറ്റത്തും തുപ്പല്‍ നുരയും.

വല്യച്ഛന്റെ സുഹൃത്താണ്‌ വൈദ്യര്‍. വീട്ടിലെ കുടുംബവൈദ്യരുമാണ്‌. ഇടയ്‌ക്കിടെ വീട്ടില്‍ വരും. കഥകളി ഭ്രാന്തുള്ളതിനാല്‍ ഒന്നോ രണ്ടോ ദിവസം വീട്ടില്‍ താമസിച്ചേ പോകു. കമ്മാരന്‍വൈദ്യര്‍ വീട്ടില്‍ വന്നാല്‍ വീട്ടിലാകെ ഉഷാറാണ്‌. നാട്ടിലെ കഥകള്‍ തമാശയില്‍ ചാലിച്ച്‌ വൈദ്യര്‍ അടിക്കും. തൊട്ടടുത്ത വീട്ടിലെ കുഞ്ഞിരാമനും മതുക്കടയിലെ കണ്ണപ്പൊതുവാളുമൊക്കെ വൈദ്യരുടെ തമാശ കേള്‍ക്കാന്‍ ചുറ്റും കൂടും. നാട്ടില്‍ നടന്ന കാര്യങ്ങളില്‍ കുറച്ച്‌ പൊടിപ്പും തൊങ്ങലും കൂട്ടി വിളമ്പും. കേള്‍ക്കുന്നവര്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കും.

മാസത്തില്‍ രണ്ടോ മൂന്നോ തവണ വൈദ്യര്‍ വീട്ടില്‍ വരും. സന്ധ്യയോടെ കഞ്ഞികുടി കഴിഞ്ഞ്‌ കഥകളി ഭാഗവതരായ വല്യച്ഛനുമായി സംസാരിച്ചിരിക്കും. കഥകളിക്ക്‌ പോയപ്പോഴുണ്ടായ അനുഭവങ്ങളും മറ്റും വല്യച്ഛന്‍ വിവരിക്കും. രാത്രിയാകുമ്പോള്‍ ചില കഥകളിപദങ്ങളും പാടും. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ സമയംപോകുന്നതറിയില്ല.

അമ്മ അനുജത്തിയെ പ്രസവിച്ച സമയം. ഒരു ദിവസം ലേഹ്യവും ചില മരുന്നുകളും ഉണ്ടാക്കാനായി വൈദ്യര്‍ കുണിയന്‍പുഴ കടന്ന്‌ വന്നു. അന്നൂരില്‍ നിന്ന്‌ നടന്ന്‌ തന്നെ വരണം. പത്ത്‌ പതിനഞ്ച്‌ കിലോമീറ്റര്‍ കാല്‍നട തന്നെ ശരണം. വാഹനസൗകര്യമില്ല.

വൈദ്യര്‍ കുണിയനിലെത്തിയപ്പോള്‍ പുഴയില്‍ നല്ല വെള്ളം. മഴക്കാലമാണ്‌. പോരെങ്കില്‍ വേലിയേറ്റവും. ഒന്നും ആലോചിച്ചില്ല. ചുറ്റും ഒന്ന്‌ നോക്കി. ഉടുമുണ്ട്‌ ഊരി തലയില്‍ കെട്ടി. കൈയിലെ സഞ്ചിയും തലയില്‍വെച്ച്‌ പുഴ കടന്നു. നെഞ്ചുവരെ വെള്ളം. നേരെ വീട്ടില്‍ വന്ന്‌ വല്യച്ഛനോട്‌ മുണ്ട്‌ വാങ്ങി നനഞ്ഞതെല്ലാം മാറ്റി അഴയില്‍ ഉണങ്ങാനിട്ടു.

വിസ്‌തരിച്ച്‌ മുറുക്കിയ ശേഷം വൈദ്യര്‍ അമ്മയോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുകുമാരന്‍ ലേഹ്യം, പിന്നെ ഒന്ന്‌ രണ്ട്‌ അരിഷ്‌ടങ്ങള്‍. അരിഷ്‌ടം വാങ്ങാന്‍ കിട്ടും. ഇല്ലെങ്കില്‍ ഞാന്‍ ഇനി വരുമ്പോള്‍ കൊണ്ടുവരാം.

ഭാഗവതരെ, ലേഹ്യത്തിന്റെ പണി തുടങ്ങണം വൈദ്യര്‍ കടലാസില്‍ മരുന്ന്‌ കുറിച്ചു. പിന്നെ ഉരുളി, വിറക്‌, തെങ്ങിന്റെ അടിച്ചുവാര, പാണ്‌.

വൈകീട്ട്‌ വല്യച്ഛന്‍ നീലമ്പത്ത്‌ പോയി പച്ചമരുന്നുകള്‍ വാങ്ങിക്കൊണ്ടുവന്നു. അപ്പോഴേയ്‌ക്കും കളത്തില്‍ അടുപ്പുണ്ടാക്കി വൈദ്യര്‍ തീ കൂട്ടിയിരുന്നു.

രാത്രി മുഴുവന്‍ ലേഹ്യത്തിന്റെ പണി. തിളച്ചു വരുമ്പോള്‍ നല്ല മണം. തിന്നാന്‍ തോന്നും.

പുലര്‍ച്ചെ വരെ വൈദ്യര്‍ ഉരുളിയില്‍ ലേഹ്യം ഇളക്കിക്കൊണ്ടിരുന്നു. പിന്നെ ഒരു ദിവസം മുഴുവന്‍ അടച്ചുവെക്കണം. പിറ്റേന്ന്‌ വൈകുന്നേരം ലേഹ്യം ഭരണിയിലാക്കി. ഓരോ വലിയ സ്‌പൂണ്‍ വീതം എല്ലാവര്‍ക്കും രുചിക്കാന്‍ കൊടുത്തു.

തിന്നുമ്പോള്‍ വീണ്ടും വീണ്ടും വേണമെന്ന്‌ തോന്നുന്ന സുകുമാരന്‍ ലേഹ്യം.

വലിയ ഭരണിയില്‍ ലേഹ്യം റെഡി. ഭരണിക്ക്‌ വെളുത്ത തുണികൊണ്ട്‌ വായ്‌പൊതി കെട്ടി വലിയമ്മ അത്‌ കൊട്ടിലില്‍ കൊണ്ട്‌ വെച്ചു.

വീട്ടില്‍ വൈദ്യര്‍ വന്നതറിഞ്ഞ്‌ പലരും കാണാന്‍ വന്നു. എല്ലാവരും വൈദ്യരുടെ 'സഭ'യില്‍ ഇരുന്ന്‌ പൊട്ടിച്ചിരിച്ചു.

വൈദ്യര്‍ക്ക്‌ 'കണ്‍സല്‍ട്ടിംഗ്‌ ' ഫീസൊന്നുമില്ല. വലിയച്ഛന്‍ ഒരു തുക കൊടുക്കും. വല്യച്ഛന്‍ എന്ത്‌ കൊടുത്താലും വൈദ്യര്‍ക്ക്‌ സന്തോഷമാണ്‌. പണം ഇന്ന്‌ വരും നാളെ പോകും. പക്ഷേ സ്‌നേഹം അതല്ലല്ലോ ഭാഗവതരേ���..വൈദ്യര്‍ ഇത്‌ എപ്പോഴും പറയും.

അന്ന്‌ ഉച്ചയ്‌ക്ക്‌ ഊണിന്‌ വൈദ്യര്‍ക്ക്‌ ഇഷ്‌ടപ്പെട്ട മൊളീഷ്യം, മാങ്ങ പച്ചടി, വഴുതനങ്ങ, ഓലന്‍, ഭക്ഷണം കഴിച്ച്‌ മുറുക്കുന്നതിനിടയില്‍ വല്യച്ഛന്‍ വൈദ്യരോട്‌ അന്നൂരിലെ ചികിത്സയെക്കുറിച്ച്‌ ചോദിച്ചു. ചികിത്സയൊക്കെ വളരെ മോശം ഭാഗവതരേ� ഇപ്പോള്‍ പഴയപോലെയൊന്നും പാമ്പുകടിയില്ല�തമാശക്കാരനായ വൈദ്യര്‍ ഇത്‌ മനസില്‍തട്ടി സീരിയസായിട്ടാണ്‌ പറഞ്ഞത്‌.

ഭഗവാനേ പാമ്പുകടി കുറഞ്ഞത്‌ ഏതായാലും നന്നായി. ജനങ്ങളുടെ രക്ഷ. - വല്യച്ഛന്റെ വാക്കുകേട്ടപ്പോള്‍ വൈദ്യരൊന്ന്‌ ചൂളി.

അല്ല..ഭാഗവതരേ ഞാന്‍ പറഞ്ഞൂന്നേയുള്ളൂ. അങ്ങിനെതന്നെയാ വേണ്ടത്‌. വൈദ്യര്‍ സമ്മതിച്ചു.

അടുത്തദിവസം വൈദ്യര്‍ അന്നൂരേക്ക്‌ പോയി.

രണ്ടുമാസത്തേക്ക്‌ ഉണ്ടാക്കിയ സുകുമാരന്‍ ലേഹ്യം ഒരു മാസം കൊണ്ട്‌ തന്നെ തീര്‍ന്നു.

രാവിലെ അമ്മ ലേഹ്യം കഴിക്കുമ്പോള്‍ ഞാനും ഒപ്പം കൂടും!

സൈക്കിള്‍ യജ്ഞക്കാരന്‍ മണിയുടെ കുളി

കൊയങ്കരയില്‍ 'സൈക്കളോട്ടം' വരാന്‍ പോകുന്നു. ഒരാഴ്‌ചയായി കൊയങ്കരക്കാരില്‍ പലരും സംസാരിക്കുന്നത്‌ സൈക്കളോട്ടത്തെക്കുറിച്ചാണ്‌. ഞങ്ങള്‍ക്ക്‌ ആവേശമായി സൈക്കളോട്ടം വരുന്ന സ്ഥലം ഏതാണെന്നറിയാന്‍ തിടുക്കമായി.

എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദപരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. ടി.വിയില്ല. ആകെയുള്ളത്‌ റേഡിയോ. ബാറ്ററി ചെലവ്‌ കാരണം വാര്‍ത്തയും ചലച്ചിത്രഗാനങ്ങളും മാത്രമെ പല വീടുകളിലും കേള്‍ക്കൂ. പിന്നെ ഓഫാക്കും. സിനിമാടാക്കീസുകള്‍ കുറവ്‌. കൊയക്കരക്കാര്‍ക്ക്‌ സിനിമ കാണണമെങ്കില്‍ ആറ്‌ കിലോമീറ്ററോളം നടന്ന്‌ കരിവെള്ളൂര്‍ ലീനാടാക്കീസില്‍ പോകണം. മറ്റൊന്നുള്ളത്‌ തങ്കയത്താണ്‌. അത്‌ ദൂരെയാണ്‌. പിന്നെ ആകെയുള്ളത്‌ ക്ലബ്ബുകളുടെ വാര്‍ഷികാഘോഷമാണ്‌. മിമിക്രി, സിനിമാറ്റിക്‌ ഡാന്‍സ്‌, സ്റ്റാര്‍സിംഗര്‍ ഇത്യാദികളൊന്നും ജനിക്കാത്ത കാലം.

ചെറിയൊരു സര്‍ക്കസ്‌ കലാസംഘമാണ്‌ സൈക്കിള്‍ യജ്ഞക്കാര്‍. നാട്ടില്‍ ഇതിനെ പറയുന്നത്‌ സൈക്കളോട്ടമെന്നാണ്‌. ഇവര്‍ നാടുതോറും നടന്ന്‌ സ്റ്റേജ്‌ കെട്ടി കലാപരിപാടികള്‍ അവതരിപ്പിക്കും. ആളുകള്‍ കൊടുക്കുന്ന ചില്ലറ കൊണ്ട്‌ വയറ്‌ കഴിഞ്ഞുപോകുന്നവര്‍.

തണലുള്ള സ്ഥലം നോക്കി ഒരു ചെറിയ സ്റ്റേജും സ്റ്റേജിന്‌ മുന്നിലായി മൈക്ക്‌ നാട്ടിയ കാലിന്‌ ചുറ്റും യജ്ഞക്കാരന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കും. താഴെയിറങ്ങില്ല. എല്ലാം സൈക്കിളില്‍ തന്നെ. യജ്ഞം തീരുന്നതുവരെ സൈക്കിളില്‍ നിന്ന്‌ കാല്‌ കുത്താന്‍ പാടില്ല. ഒരാഴ്‌ച, ചില്ലറ നല്ലപോലെ കിട്ടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ പത്ത്‌ ദിവസം ഇതാണ്‌ യജ്ഞം കാലം.

ഒരു ദിവസം സൈക്കളോട്ടക്കാര്‍ വന്നു. 'മൊയോറെ അറ' എന്ന പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിന്റെ പിന്നിലുള്ള ആല്‍ത്തറയ്‌ക്കടുത്താണ്‌ യജ്ഞം തുടങ്ങാന്‍ പോകുന്നത്‌. രണ്ട്‌ മൂന്ന്‌ സൈക്കിളിലും തലച്ചുമടുമായി സ്റ്റേജ്‌ കെട്ടാനുള്ള സാധനങ്ങളുമായാണ്‌ സംഘം വന്നത്‌. സൈക്കിളെന്ന്‌ പറയാനാവില്ല. സൈക്കിളിന്റെ അസ്ഥിക്കൂടം. ബെല്ലില്ല, ബ്രേക്കില്ല, സ്റ്റാന്‍ഡില്ല, സൈക്കിളിന്‌ വേണ്ട ഒന്നുമില്ല. പേരിന്‌ രണ്ട്‌ ചക്രമുണ്ട്‌. സമാധാനം!

കൊയങ്കര സ്‌ക്കൂളിനടുത്താണ്‌ മൊയോറ അറ. കുട്ടികളെല്ലാം സൈക്കിളോട്ട സ്ഥലത്താണ്‌. ഒരു ദിവസം കുമാരന്‍മാഷ്‌ ചൂരലുമായി വന്നാണ്‌ പിള്ളേരെ സ്‌ക്കൂളിലേക്ക്‌ ആട്ടിയോടിച്ചത്‌.

സൈക്കിളോട്ടക്കാര്‍ സ്റ്റേജ്‌ കെട്ടിക്കൊണ്ടിരിക്കുകയാണ്‌. പലകകള്‍ ഉറപ്പിച്ച്‌ മുന്നിലൊരു കര്‍ട്ടന്‍ കെട്ടിയിരിക്കുന്നു. പിന്നില്‍ സാരിയും മറ്റുമാണ്‌ വലിച്ചുകെട്ടിയിരിക്കുന്നത്‌. പേരിനൊരു സ്റ്റേജ്‌. സ്റ്റേജിന്‌ മുന്നില്‍ കുറച്ച്‌ ദൂരെ മുള നാട്ടി മൈക്ക്‌ കെട്ടിയിരിക്കുന്നു.

അടുത്ത ദിവസം രാവിലെ മൈക്കിലൂടെ ഒച്ച വന്നു. ഹലോ....ഹലോ...മൈക്ക്‌ ടെസ്റ്റിങ്‌.ട്രൂട്രൂട്രൂ..തുരുമ്പു പിടിച്ച മൈക്കില്‍ നിന്ന്‌ ഒച്ച പുറത്തു വരാന്‍ ബുദ്ധിമുട്ട്‌.

�പ്രിയമുള്ള സഹോദരി സഹോരന്മാരെ, നല്ലവരായ നാട്ടുകാരെ, ഒരാഴ്‌ച്ചത്തെ മാസ്റ്റര്‍ മണിയുടെ സൈക്കിള്‍ യജ്ഞം നാളെ വൈകുന്നേരം തുടങ്ങുകയാണ്‌. എന്നും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കൊയങ്കരയിലെ കലാപ്രേമികളുടെ എല്ലാ സഹായസഹകരണങ്ങളും ഞങ്ങള്‍ പ്രതീക്ഷക്കുന്നു..

ശരറാന്തല്‍ തിരിതാഴും മുകിലിന്‍ കുടിലില്‍.പിന്നാലെ റിക്കാര്‍ഡ്‌ പെട്ടിയില്‍ നിന്നുള്ള പാട്ടൊഴുകി.

ഇടയ്‌ക്ക്‌ വീണ്ടും അനൗണ്‍സ്‌മെന്റ്‌ -ഇനി ഒരാഴ്‌ചക്കാലം നിങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന പരിപാടികളാണ്‌. ഒപ്പം മാസ്റ്റര്‍ മണിയുടെ സൈക്കിള്‍ അഭ്യാസപ്രകടനങ്ങളും. അനുഗ്രഹിക്കുക. ആശിര്‍ വദിക്കുക അച്ചടിഭാഷയിലുള്ള അനൗണ്‍സ്‌മെന്റ്‌ കൊയങ്കരയാകെ മുഴങ്ങി.

യജ്ഞം സ്‌ക്കൂളിനടുത്തായതിനാല്‍ പബ്ലിസിറ്റിക്ക്‌ കുട്ടികള്‍ മാത്രം മതി. കൊയങ്കരക്കാരുടെ വീടുകളില്‍ അന്ന്‌ മുതല്‍ ചര്‍ച്ച സൈക്കിളോട്ടത്തെ കുറിച്ചായിരുന്നു. നാട്ടിലാകെ ഒരു ഉണര്‍വ്വ്‌!

അടുത്ത ദിവസം വൈകുന്നേരമായപ്പോള്‍ ആളുകള്‍ കൂടി. കൃത്യം അഞ്ചുമണിയ്‌ക്ക്‌ മാസ്റ്റര്‍ മണി സൈക്കിള്‍ യജ്ഞം തുടങ്ങുമെന്ന്‌ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. അഞ്ചുമണിയായപ്പോഴേയ്‌ക്കും ആളുകള്‍ തിങ്ങിനിറഞ്ഞു. ഇന്നത്തെപ്പോലെയല്ല, തൊട്ടതിനും പിടിച്ചതിനും ഉദ്‌ഘാടനത്തിന്‌ ജനപ്രതിനിധികള്‍ വരില്ല. എം.എല്‍.എയൊക്കെ നാട്ടിലിറങ്ങുന്നത്‌ വിരളം. ഇന്ന്‌ സൈക്കിളോട്ടമുണ്ടായിരുന്നെങ്കില്‍ ഉദ്‌ഘാടനം ചെയ്യാന്‍ ആള്‍ക്കാരുടെ ക്യൂവായിരിക്കും.

ഒരു ഭക്തിഗാനത്തോടെ ദൈവത്തെ ധ്യാനിച്ച്‌ മാസ്റ്റര്‍ മണി സൈക്കിളില്‍ കയറുന്നതായിരിക്കും. അനുഗ്രഹിക്കുക. മൈക്ക്‌ മുഴങ്ങി, അഞ്ചുമണിപാട്ട്‌ തുടങ്ങി, ശരണമയ്യപ്പാ, സ്വാമി ശരണമയ്യപ്പാ, ശബരിഗിരിനാഥാ....

മണി സൈക്കിളില്‍ ചവിട്ടി കയറി ഭയങ്കര സ്‌പീഡില്‍ ചുറ്റും സൈക്കിളോടിക്കാന്‍ തുടങ്ങി. ഇടയ്‌ക്ക്‌ കാലുകള്‍ ഉയര്‍ത്തി. കൈവിട്ടു. അങ്ങിനെ കുറേ അഭ്യാസം ആളുകള്‍ കൈയ്യടിച്ചു.

സൈക്കിള്‍ യജ്ഞത്തിന്‌ തുടക്കമായിരിക്കുന്നു. ആറരയ്‌ക്കാണ്‌ കലാപരിപാടി. അതുവരെ മണിയുടെ സൈക്കിള്‍ സര്‍ക്കസ്‌.

നാട്ടില്‍ പല സൈക്കിള്‍ യജ്ഞക്കാരുണ്ടെങ്കിലും മണിയുടെ സംഘമാണ്‌ മെച്ചപ്പെട്ടത്‌. മണിതന്നെയാണ്‌ സംഘത്തിന്റെ നായകന്‍. സംഘത്തില്‍ മണിയുടെ ഭാര്യയും കുട്ടികളും ഉണ്ട്‌. ആകെ പത്തോളം പേര്‍.

പകല്‍ മുഴുവന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കുന്ന മണിയുടെ അവസ്ഥ നാട്ടില്‍ ചര്‍ച്ചയായി. നട്ടുച്ചയ്‌ക്ക്‌ പൊരിവെയിലത്ത്‌ സ്‌ക്കൂളില്‍ നിന്ന്‌ കുട്ടികള്‍ പോയി നോക്കും. ഈ സമയം മണി സൈക്കിള്‍ ചവിട്ടുന്നണ്ടാകും. വെയില്‍ കൂടുമ്പോള്‍ തന്റെ സൈക്കിള്‍ മറ്റൊരു സൈക്കിളില്‍ ചാരിവെച്ച്‌ ഹാന്റിലില്‍ തലവെച്ച്‌ ഉറങ്ങും. പക്ഷെ ഒരിക്കലും സൈക്കിളില്‍ നിന്ന്‌ ഇറങ്ങില്ല.

വൈകുന്നേരം ആറുമണിയ്‌ക്കാണ്‌ കലാപരിപാടികള്‍. അപ്പോഴേയ്‌ക്കും ചുറ്റും ആളുകള്‍ കൂടും.

ഏറ്റവും വലിയ അഭ്യാസപ്രകടനം നടക്കാന്‍ പോകുന്നു. മണിയുടെ സൈക്കിള്‍ ഓടിച്ചുകൊണ്ടുള്ള കുളി. 'മാസ്റ്റര്‍ മണിയുടെ മാസ്റ്റര്‍പീസ്‌'

ഓടുന്ന സൈക്കിളിലിരുന്ന്‌ മാസ്റ്റര്‍ മണി 20 പാഞ്ഞി (കുടം) വെള്ളത്തില്‍ കുളിക്കുന്നു

നിങ്ങള്‍ക്ക്‌ ഇത്‌ വിശ്വസിക്കാന്‍ കഴിയില്ല. ഈ കൊച്ചു കലാകാരന്റെ അഭ്യാസം നേരില്‍ കാണുക.... മൈക്കിലൂടെ അനൗണ്‍സ്‌മെന്റ്‌.

യജ്ഞസ്ഥലത്ത്‌ നിന്ന്‌ പത്തോളം പേര്‍ തൊട്ടടുത്ത മാതിയുടെ വീടുവരെ നിരന്ന്‌ നിന്ന്‌ ചെമ്പ്‌ പാഞ്ഞിയില്‍ വെള്ളം കൈമാറി കൈമാറി മണിയുടെ കൈയിലെത്തിച്ചു. ആദ്യത്തെ പാഞ്ഞിവെള്ളം മണി ഒറ്റക്കൈ കൊണ്ട്‌ തലയിലൊഴിച്ചു. അപ്പോഴേക്കും അടുത്ത പാഞ്ഞിയെത്തി. അത്‌ മറ്റേ കൈകൊണ്ട്‌ തലയിലൊഴിച്ചു. ഓടുന്ന സൈക്കിളില്‍ നിന്നുള്ള അഭ്യാസം.

ഇരുപത്‌ പാഞ്ഞി വെള്ളത്തില്‍ കുളി കഴിഞ്ഞു. അവസാനം രണ്ട്‌ പാഞ്ഞിവെള്ളം രണ്ട്‌ കൈയിലും ഒന്ന്‌ കടിച്ച്‌ പിടിച്ചും മണി സൈക്കിള്‍ ചവിട്ടി, കൈയിലെ വെള്ളം തലയിലൊഴിച്ചു. കടിച്ചുപിടിച്ച പാഞ്ഞിവെള്ളവുമായി രണ്ട്‌ കൈകളും ഉയര്‍ത്തി സൈക്കിളില്‍ കുറേ റൗണ്ട്‌ അടിച്ചു. പിന്നീട്‌ അതും തലയിലൊഴിച്ചു. ആളുകള്‍ ശ്വാസമടക്കി പിടിച്ച്‌ ഇത്‌ കണ്ടുകൊണ്ടിരിക്കെ മണിയുടെ 'അഭ്യാസക്കുളി' സമാപിച്ചു.

നിങ്ങളുടെ കണ്ണിലുണ്ണി മാസ്റ്റര്‍ മണി ഇന്ന്‌ 20 പാഞ്ഞി വെള്ളത്തിലാണ്‌ കുളിച്ചത്‌. ഇനി ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ കുളി പരിപാടി. അടുത്ത തവണ 25 പിന്നെ 30 എന്നിങ്ങനെ പാഞ്ഞിയുടെ എണ്ണം കൂടിക്കൊണ്ടിരിക്കും

കലാസ്‌നേഹികളുടെ ഇപ്പോള്‍ നിങ്ങളുടെ മുന്നിലേക്ക്‌ ഞങ്ങളുടെ സഹാദരന്മാര്‍ പാത്രവുമായി വന്നുകൊണ്ടിരിക്കുകയാണ്‌. കൈയിലുള്ളത്‌ അഞ്ചു പൈസയാണെങ്കില്‍ പോലും അത്‌ പാത്രത്തിലിട്ട്‌ നിങ്ങള്‍ക്ക്‌ ഞങ്ങളെ സഹായിക്കാം

മൂന്ന്‌പേര്‍ പ്ലാസ്റ്റിക്‌ പാത്രവുമായി ആളുകളുടെ ഇടയിലെത്തി അഞ്ചുപൈസ മുതല്‍ ഒരു രൂപ വരെ കൊടുത്തവരുണ്ട്‌. നല്ല കലക്ഷന്‍.

നിങ്ങളുടെ സഹായം കൊണ്ട്‌ വേണം ഞങ്ങളുടെ ഈ കൊച്ചു കുടുംബത്തിന്‌ കഴിയാന്‍

ഒരു പ്രത്യേക അറിയിപ്പ്‌, മാസ്റ്റര്‍ മണി യജ്ഞത്തിലായതിനാല്‍ കട്ടിയുള്ള ആഹാരങ്ങള്‍ കഴിക്കാന്‍ കഴിയില്ല. ഒന്നോ രണ്ടോ ആഴ്‌ച മലവിസര്‍ജ്ജനം നടത്താനാവില്ല. അതിനാല്‍ മുട്ട, പാല്‍, പഴം തുടങ്ങി നേര്‍ത്ത ആഹാരങ്ങള്‍ സംഭാവനയായി നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

പറയേണ്ട താമസം രാഘവന്‍നായരുടെ ചായക്കടയില്‍ നിന്ന്‌ ഒരാള്‍ ഒരു പടലപഴം വാങ്ങി കൊണ്ടു വന്ന്‌ നല്‍കി. ഒരു സുഹൃത്ത്‌ ഒരു പടല പഴം സംഭാവന ചെയ്‌തിരിക്കുന്നു. ആ സുഹൃത്തിനും കുടുംബത്തിനും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു�.

കുളി കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. റിക്കാര്‍ഡ്‌ സിനിമാപാട്ടുകള്‍ മൈക്കിലൂടെ ഒഴുകി. ഇതിനിടയില്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടു തന്നെ മണി കൈയിലെ കണ്ണാടി നോക്കി മുടി ചീകി പൗഡറിട്ടു. അതു കഴിഞ്ഞപ്പോള്‍ കര്‍ട്ടന്‍ പൊങ്ങി. സ്റ്റേജില്‍ രജനീകാന്തും നായികയും.തമിഴ്‌ പാട്ട്‌ പൊടിപൊടിച്ചു. ഇത്‌ കഴിഞ്ഞപ്പോള്‍ ട്യൂബ്‌ പൊട്ടിക്കല്‍ പരിപാടി. കലാപരിപടികള്‍ രാത്രി പതിനൊന്ന്‌ മണിയോളം നീണ്ടു.

മണിയുടെ കുളിപ്പരിപാടിയ്‌ക്ക്‌ വേണ്ടത്ര പബ്ലിസിറ്റി കിട്ടി. നടക്കാവ്‌, എടൊട്ടുമ്മല്‍ തുടങ്ങി തൊട്ടടുത്ത സ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ കേട്ടറിഞ്ഞ്‌ വരാന്‍ തുടങ്ങി.

ഒരു ദിവസം കുളികഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു കുപ്പിപ്പാലാണ്‌ സംഭാവന ചെയ്‌തത്‌. പഴം, തേങ്ങ, മുട്ട ഇങ്ങിനെ പലതും സംഭാവനയായി കിട്ടുന്നുണ്ട്‌.

ഒരു സഹോദരന്‍ ഒരു കുപ്പിപ്പാല്‍ സംഭാവന ചെയ്‌തിരിക്കുന്നു. സഹോദരനും കുടുംബത്തിനും നന്ദി

സംഭാവനയുടെ കാര്യം അപ്പോഴപ്പോള്‍ തന്നെ അനൗണ്‍സ്‌ ചെയ്യും. തുച്ഛമായ പൈസയായാല്‍പോലും കണക്കില്‍ വെട്ടിപ്പില്ല. തലേനാള്‍ കുളി കഴിഞ്ഞ്‌ കിട്ടിയ സംഭാവന 86 രൂപയായിരുന്നുവെന്ന്‌ വിളിച്ചറിയിച്ചു.

ദിവസം കഴിയുന്തോറും മണി നാട്ടുകാര്‍ക്ക്‌ പ്രിയപ്പെട്ടവനായി. പഴമല്ല പഴക്കുലയാണ്‌ ഇപ്പോള്‍ കിട്ടുന്നത്‌.

കലാപരിപാടികള്‍ക്കിടയില്‍ കിട്ടുന്ന സാധനങ്ങള്‍ രാത്രി ലേലം ചെയ്യും. ഒരു രൂപയില്‍ തുടങ്ങുന്ന ലേലം നൂറു രൂപവരെയെത്തും. ഒരു കുല മൈസൂര്‍ പൂവന്‍പഴം ലേലം വിളിച്ച്‌ നൂറു രൂപ വരെയായി. പൈസയും കൊടുത്ത്‌ കുല മണിക്കു തന്നെ കാഴ്‌ചവെച്ച്‌ കിട്ടിയ ആള്‍ മടങ്ങും. കുല വീട്ടിലേക്ക്‌ കൊണ്ടുപോകില്ല.

മണി ഒരിക്കലും സൈക്കിളില്‍ നിന്ന്‌ ഇറങ്ങില്ല എന്നു പറയുന്നത്‌ നാട്ടുകാര്‍ക്ക്‌ ആശ്ചര്യമായിരുന്നു. സംഗതി പരിശോധിക്കാന്‍ പലരും രാത്രി പാത്തും പതുങ്ങിയും സ്ഥലത്ത്‌ പോയി നോക്കി. പാതിരാത്രിയായാല്‍ മണി മറ്റൊരു സൈക്കിളില്‍ തന്റെ സൈക്കിള്‍ ചാരി വെച്ച്‌ ഹാന്റിലില്‍ തലവെച്ചുറങ്ങുന്ന സീനാണ്‌ പലര്‍ക്കും കാണാനായത്‌.

യജ്ഞസ്ഥലത്ത്‌ വീടുള്ള പത്മനാഭന്‌ വാശിയായി, ഇത്‌ കണ്ടുപിടിക്കണം. മണി സൈക്കിളില്‍ നിന്ന്‌ ഇറങ്ങാറില്ലെന്ന്‌ സുഹൃത്ത്‌ ചന്ദ്രന്‍ വാദിച്ചു. ഉണ്ടെന്ന്‌ പത്‌നാഭന്‍.

ഒരു ദിവസം രണ്ടുപേരും ബെറ്റ്‌ വെച്ചു. ഒരു കുല പഴത്തിന്‌. അന്ന്‌ രാത്രി രണ്ടുപേരും ഒളിച്ചുചെന്ന്‌ മണിയെ നിരീക്ഷിച്ചു. അപ്പോഴും മണി സൈക്കിള്‍ ഹാന്റിലില്‍ തല താഴ്‌ത്തിവെച്ച്‌ ഉറങ്ങുന്നു. ഇങ്ങിനെ പലദിവസം രാത്രി പരിശോധന നടന്നു. മണി രാത്രിയും സൈക്കിളില്‍ തന്നെയാണ്‌ ജീവിക്കുന്നതെന്ന സത്യം പുറത്തുവന്നു. ബെറ്റില്‍ ചന്ദ്രന്‌ കുല കിട്ടി.

പത്മനാഭന്റെ വീട്ടിലെ തോട്ടത്തില്‍ നിന്ന്‌ വെട്ടിയതാണ്‌ വാഴക്കുല. അടുത്തദിവസം വൈകീട്ട്‌ അനൗണ്‍സ്‌മെന്റ്‌. കൊയേങ്കരയിലെ ചന്ദ്രന്‍ എന്ന സുഹൃത്ത്‌ ഒരു കുല സംഭാവന നല്‍കിയിരിക്കുന്നു. സുഹൃത്തിനും കുടുംബത്തിനും നന്ദി. ബെറ്റടിച്ച്‌ കിട്ടിയ വാഴക്കുല ചന്ദ്രന്‍ മണിക്ക്‌ കാഴ്‌ചവെച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ പത്മനാഭന്‍ സ്‌ക്കൂളില്‍ വന്നപ്പോള്‍ ദേഹത്തെല്ലാം തല്ല്‌ കിട്ടിയതിന്റെ പാടുണ്ടായിരുന്നു. കുലമോഷണം വീട്ടുകാര്‍ പിടിച്ചു!

ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ ആവശ്യമനുസരിച്ച്‌ സൈക്കളോട്ടം മൂന്ന്‌ ദിവസം കൂടി നീട്ടി. അവസാനദിവസം മണിയുടെ 50 പാഞ്ഞി വെള്ളത്തിലുള്ള കുളി!

അടുത്തദിവസം ഉച്ചയായപ്പോള്‍ സ്ഥലത്ത്‌ സ്റ്റേജില്ല. സൈക്കളോട്ടക്കാര്‍ എല്ലാം പൊളിച്ച്‌ അടുക്കിവെച്ചിരിക്കുന്നു. ഈയ്യക്കാട്ടാണ്‌ അടുത്ത പരിപാടി. എല്ലാവരോടും യാത്ര പറഞ്ഞ്‌ മണിയും കൂട്ടരും യാത്രയായി. പിന്നീട്‌ കുറേ ദിവസം കൊയങ്കരക്കാര്‍ ആകെ ദുഖഃത്തിലായിരുന്നു. കുടുംബത്തിലെ ആരൊക്കെയോ വീടുവിട്ടുപോയതു പോലുള്ള അവസ്ഥ. പലരും സൈക്കളോട്ടമുണ്ടായ സ്ഥലത്ത്‌ പോയി വെറുതെ ഒന്ന്‌ നോക്കും.

സ്ഥലത്ത്‌ മണിയുടെ സൈക്കിള്‍ ഓടിയതിന്റെ വട്ടത്തിലുള്ള അടയാളം മാത്രം.