കൊയങ്കരക്കാലം

വടക്കെ മലബാറിലെ കൊയങ്കര എന്ന ഉള്‍നാടന്‍ ഗ്രാമം നല്‍കിയ ഓര്‍മകള്‍

Monday, October 29, 2007

കുണിയന്‍ പുഴ

Tuesday, October 16, 2007

കഥകളിയിലലിഞ്ഞ ചിരുകണ്ടന്‍ പണിക്കര്‍

കൊയങ്കരയിലെ ഞങ്ങളുടെ വീടിനു മുന്നില്‍ ഒരുപാട്‌ കൃഷിസ്ഥലമുണ്ട്‌. കുണിയന്‍ പുഴ വരെ നീണ്ടു കിടക്കുന്ന കൃഷി സ്ഥലത്തിന്റെ ഇടയിലായി നിരനിരയായി കുലച്ചു നില്‍ക്കുന്ന തെങ്ങുകള്‍! നെല്‍കൃഷിയില്ലാത്തപ്പോള്‍ പല ഭാഗത്തും പച്ചക്കറിയാണ്‌. മധുരക്കിഴങ്ങ്‌, കക്കിരിക്ക, വത്തക്ക തുടങ്ങി വായില്‍ വെള്ളം വരുന്ന സാധനങ്ങള്‍ അനവധി. സ്‌കൂളില്ലാത്തപ്പോള്‍ വരമ്പത്തുകൂടി നടന്ന്‌ കക്കിരിക്കയും മറ്റും ആരും കാണാതെ പറിച്ച്‌ അകത്താക്കും. കുതിരിനടുത്ത്‌ ചെറിയ കുളം നിറയെ പൂത്താലിയാണ്‌ (ആമ്പല്‍) ഇടയ്‌ക്ക്‌ കുളത്തിലിറങ്ങി പുത്താലി പറിച്ച്‌ മാലയുണ്ടാക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ടത്തില്‍ നിന്ന്‌ (കൃഷിയിടം) പച്ചക്കറി കാണാതാവുന്ന ദിവസങ്ങളാണ്‌. വരമ്പത്തുകൂടി നടക്കുമ്പോള്‍ മറ്റ്‌ ചങ്ങാതിമാരും കൂടെ കാണും. മോഷണം വീട്ടില്‍ പറയാതിരിക്കാന്‍ അവര്‍ക്കും കക്കിരിക്ക കൈക്കൂലി കൊടുക്കണം.

കക്കിരിക്ക വലുതാവുമ്പോള്‍ തന്നെ വലിയമ്മ എണ്ണി തിട്ടപ്പെടുത്തിവെക്കും. ഒന്ന്‌ കാണാതായാല്‍ സംഗതി മോഷണമാണെന്ന്‌ മനസിലാകും. പക്ഷെ, ഭാഗ്യം വലിയച്ഛനോട്‌ പറയില്ല. വലിയച്ഛനോട്‌ പറഞ്ഞാല്‍ അടി എപ്പൊ കിട്ടിണ്‌ ചോദിച്ചാല്‍ മതി. വീട്ടില്‍ വലിയച്ഛനാണ്‌ കൃഷി നോക്കി നടത്തുന്നത്‌ പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ കളി യോഗത്തിലെ കഥകളി ഭാഗവതരായ വല്യച്ഛന്‍ ചത്തുക്കുട്ടി നായര്‍ നല്ലൊരു കര്‍ഷകനാണ്‌. കഥകളിയില്ലാത്ത കാലമാണെങ്കില്‍ കണ്ടത്തിലെ പണിക്ക്‌ വലിയച്ഛനും കൂടും.

വിരിപ്പ്‌, പുഞ്ച, താപുഞ്ച ഇങ്ങനെ മൂന്ന്‌ കൃഷി. നല്ലൊരു മഴ കിട്ടിയാല്‍ വിത തുടങ്ങും. കൊളങ്ങര പൊക്കനും മറ്റ്‌ ആളുകളും കാലി പൂട്ടും. കൈക്കോട്ട്‌ പണിയെടുക്കാന്‍ പറമ്പന്‍ അമ്പുമുസോറും മാമുനികോരനും. ഞാറു നടാന്‍ കുവാരത്തെ പാര്‍വതിയമ്മ, പറമ്പന്‍ ജാനകിയമ്മ, ചെറിയമ്മ, കുഞ്ഞിനാട്ടെ കല്ല്യാണിയമ്മ എന്നിവരുടെ നീണ്ട നിര. തെണ്ണൂറാന്‍, കയമ, ചിറ്റേനി, തവളക്കണ്ണന്‍ ഇങ്ങിനെ കേള്‍ക്കാന്‍ ഇമ്പമുള്ള വിത്തുകള്‍! ഇന്ന്‌ ഇത്‌ `വിത്ത്‌ നാശം' വന്നുവെന്ന്‌ മാത്രം.
കൃഷിപ്പണി തുടങ്ങിയാല്‍ കുട്ടികള്‍ക്കും സന്തോഷമാണ്‌. വീട്ടില്‍ അധികം പഠിക്കണ്ട. കൃഷി തിരക്കില്‍ ആര്‍ക്കും നിര്‍ബന്ധിക്കാനും സമയമില്ല. ഞങ്ങള്‍ക്ക്‌ കുശാല്‍.

കൃഷി ചെയ്യുന്ന കണ്ടം പലതും `വാര'മുള്ളതായിരുന്നു. കൃഷി നടത്തി ജന്മിമാര്‍ക്ക്‌ വാരമായി നെല്ല്‌ കൊടുക്കണം. ചിലപ്പോള്‍ കൃഷി വളരെ മോശമായിരിക്കും. ചില കാലങ്ങളില്‍ വാരം കൊടുക്കാന്‍ നെല്ലുണ്ടാവില്ല. ആ സമയത്ത്‌ ജന്മിമാരുടെ കാര്യസ്ഥന്മാര്‍ വീട്ടില്‍ വന്നാല്‍ കാര്യം പറഞ്ഞ്‌ അടുത്ത തവണ എടുക്കാം എന്ന വ്യവസ്ഥയില്‍ പറഞ്ഞയ്‌ക്കും. ഇങ്ങിനെ കാര്യസ്ഥന്‍ വന്ന്‌ പല തവണ മടങ്ങിപ്പോയ സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്‌.

വാരം തക്കസമയത്ത്‌ കൊടുക്കാത്തത്‌ ഒരിക്കല്‍ കേസിനും കുഴപ്പത്തിനും ഇടയാക്കി. കോടതിയില്‍ നിന്ന്‌ ആമീന്‍ വന്ന്‌ കണ്ടത്തില്‍ ഒടി കുത്തിയത്രെ. (ജന്മിയുടെ സ്ഥലം അതിര്‌ കാണിക്കാന്‍ കോലുകള്‍ കുത്തി വെക്കുന്ന നടപടി) ഒടി കുത്തിയാല്‍ കോടതി നടപടിയനുസരിച്ച്‌ നെല്ല്‌ മൂരുന്നത്‌ (കൊയ്യുന്നത്‌) ജന്മിയുടെ ആള്‍ക്കാരുമായിരിക്കും.

ജന്മി വ്യാഗ്രം പട്ടര്‍ എന്നു കേട്ടാല്‍ അക്കാലത്ത്‌ നാട്‌ ഞെട്ടും. പക്ഷെ ജന്മി ഒരിക്കലും നാട്ടില്‍ ഇറങ്ങാറില്ല. കാര്യസ്ഥന്മാരാണ്‌ കാര്യം നോക്കുന്നത്‌.

രണ്ട്‌ ചെറിയ കണ്ടത്തിന്റെ ജന്മിയായ ചിരുകണ്ടന്‍ പണിക്കര്‍ സരസനാണ്‌. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. ഒരു ദിവസം പണിക്കര്‍ ചാക്കുമായി വന്നു. പക്ഷെ വീട്ടില്‍ വാരം കൊടുക്കാന്‍ നെല്ലില്ല. പല തവണ മടങ്ങിപ്പോയി വന്നവരാണ്‌. ഇത്തവണ ഒഴിവുകഴിവുകള്‍ ഒന്നും പറയാനാവില്ല.

നെല്ലില്ലെങ്കില്‍ ഇന്ന്‌ പോകുന്നില്ലെന്നായി പണിക്കര്‍. വീട്ടില്‍ ഒറ്റയിരുപ്പ്‌. മുഖത്ത്‌ ദേഷ്യം. വീട്ടിലാകെ പ്രശ്‌നമായി.

വൈകുന്നേരം വല്യച്ഛന്‍ കഥകളിപദം പാടി തുടങ്ങി. അടുത്ത ദിവസം അനൂര്‍ അമ്പലത്തില്‍ കഥകളിയുണ്ട്‌. അതിനുള്ള ഒരുക്കമാണ്‌.

കഥ `കുചേല വൃത്തം'. കുചേലന്റെയും ശ്രീകൃഷ്‌ണന്റെയും സ്‌നേഹ കഥയുടെ ഈണത്തില്‍ താളംപിടിച്ച്‌ ചിരുകണ്‌ഠന്‍ പണിക്കര്‍ രാത്രിയോവോളം ഇരുന്നു. അവസാനം കണ്ണുനിറഞ്ഞ്‌ പണിക്കര്‍ ഒരു കിഴി വലിയച്ഛന്റെ കൈയില്‍ വെച്ചുകൊടുത്തു.

``നന്നായിട്ടുണ്ട്‌ ഭഗവതരേ.... നന്നായിട്ടുണ്ട്‌.'' ഇത്രയും പറഞ്ഞ്‌ ചാക്കുകളുമായി തിരിച്ചു പോയത്രെ.
വാരം വാങ്ങി ചാക്കിലാക്കിയിട്ടേ പോകുവെന്ന്‌ ശഠിച്ച ചിരുകണ്‌ഠന്‍ പണിക്കര്‍ അവസാനം വാരത്തിന്റെ കാര്യം മറന്നു.

വലിയച്ഛനും അതിശയമായി. ഇത്രയും നല്ല കഥകളി ആസ്വാദകര്‍ ഉണ്ടല്ലോ എന്നോര്‍ത്ത്‌ വലിയച്ഛന്‍ മൂക്കത്ത്‌ വിരല്‍വെച്ചു.

സംഗീതം കൊണ്ട്‌ ഇവിടെ കോപം ശമിച്ചു എന്നു മാത്രമല്ല വന്ന കാര്യം പോലും മറന്നു. പരിസരം മറന്നു.

സംഗീത ചികിത്സയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഇന്നും ഓര്‍ക്കും. സംഗീതത്തില്‍്‌ കോപം ശമിച്ച കാര്യം.

Labels: , ,

Saturday, October 13, 2007

കൊയങ്കരക്കാലത്തെപ്പറ്റി

തെങ്ങും നെല്‍പ്പാടവും നിറഞ്ഞ `കൊയോങ്കര' എന്ന എന്റെ ഗ്രാമം. വീടിന്‌ മുന്നിലൂടെ ഒഴുകുന്ന കുണിയന്‍ പുഴ. പാടവരമ്പില്‍ അങ്ങിങ്ങായി കൈതക്കാടുകള്‍. പാടത്തിനിടയില്‍ തെങ്ങ്‌ നിറഞ്ഞു നില്‍ക്കുന്ന കുതിരുകള്‍.
പുഴയിലൂടെ കൂവിക്കൊണ്ട്‌ പോകുന്ന തോണിക്കാരന്‍, കാലി പൂട്ടുന്ന കര്‍ഷകര്‍, ഞാറുനടുന്ന സ്‌ത്രീകള്‍ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന പച്ചപ്പട്ടു പുതച്ച പാടങ്ങള്‍ക്കപ്പുറം തൊട്ടുനില്‍ക്കുന്ന നീലാകാശം!
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച `കൊയങ്കര' എന്ന ചുരുക്കപേരുള്ള ഗ്രാമം. നിഷങ്കളങ്കരായ അവിടത്തെ ഗ്രാമീണര്‍.
കൊയങ്കരയിലെ എല്‍.പി. സ്‌കൂളുകളും ഫാദര്‍ സ്‌കൂളും മൊയോററയും വായനശാലയും തപ്പാലാപ്പീസും അനുഭവങ്ങളുടെ കലവറയാണ്‌.


കുമാരന്‍ മാഷും രാഘവന്‍ മാഷും, തവള ബാബുവും കറുത്തമ്മാമനും, ജോത്സ്യരും ചന്തന്‍കുഞ്ഞിയും മലയന്‍ പണിക്കരും പീടികക്കാരന്‍ കരീമും പോസ്റ്റ്‌മാന്‍ അപ്പൂട്ടന്‍ നായരും, പള്ളിയത്ത്‌ നായരച്ഛനും. എല്ലാം ഒരു കാലഘട്ടത്തെ സമൃദ്ധമാക്കിയ കഥാപാത്രങ്ങളാണ്‌. ഇവരില്ലാതെ കൊയങ്കരയില്ല. ഇവരെ അറിയാത്ത കൊയങ്കരക്കാരമില്ല.

`റാണ മലബാറിക്ക' എന്ന മണാട്ടി തവളകളെക്കുറിച്ചു ഗവേഷണം നടത്തിയ ജോസഫ്‌ ആന്റണി എന്ന `കുറിഞ്ഞി ഓണ്‍ലൈന്‍' ബ്ലോഗര്‍ മണാട്ടിയുടെ ഗ്രാമജീവിതത്തെക്കുറിച്ചും നഷ്ട സൗഭാഗ്യങ്ങളെക്കുറിച്ചും കുറിപ്പ്‌ വേണമെന്ന്‌ ഈയിടെ പറഞ്ഞു. കുറിപ്പെഴുതിയപ്പോള്‍ പഴയകാല ഓര്‍മ്മകള്‍ അയ്‌വിറക്കാന്‍ (ചവയ്‌ക്കാന്‍) എനിക്ക്‌ അവസരം കൈവന്നു. അതിനു പിന്നാലെ കൊയങ്കരക്കാരെക്കുറിച്ച്‌ ഞാന്‍ കുറേനാള്‍ സ്വപ്‌നം കണ്ടു. അവരെക്കുറിച്ച്‌ ലോകം അറിയട്ടെ.....


ആ ബ്ലോഗ്‌ ഇവിടെ തുടങ്ങുന്നു.

കൊയങ്കരക്കാലം...


Labels: ,

Thursday, October 11, 2007

പടിഞ്ഞാറ്റയിലെ വിശുദ്ധ മണാട്ടികള്‍

ന്ധ്യയ്‌ക്ക്‌ രാമനാമം ചൊല്ലിയാലേ രാത്രിയാകും മുമ്പ്‌ ചോറ്‌ കിട്ടൂ. 'നാമം ചൊല്ലാത്തവര്‍ക്ക്‌ ചോറില്ല'-വലിയമ്മയുടെ ശാസന വരുന്നതിന്‌ മുമ്പുതന്നെ ഞങ്ങള്‍ കുട്ടികള്‍ കിഴക്കേ വരാന്തയില്‍ പായയിട്ട്‌ നാമം ചൊല്ലാനിരിക്കും.

പക്ഷേ പടിഞ്ഞാറ്റയില്‍ നിന്ന്‌ പുറത്തേക്കു വരുന്ന വഴിയോടുചേര്‍ന്ന്‌ ഇരിക്കാന്‍ പേടിയാണ്‌. സന്ധ്യയാകുന്നതോടെ മണാട്ടി തവളകള്‍ പുറത്തേക്കു നിരനിരയായി ഇറങ്ങുന്ന വഴിയാണ്‌. എന്തായാലും അറ്റത്ത്‌ ഇരിക്കുന്ന ഒരാള്‍ക്ക്‌ മണാട്ടിയെ പേടിച്ചിരിക്കേണ്ടിവരും.

എന്റെ കുട്ടിക്കാലത്ത്‌ മണാട്ടി തവളകളുടെ 'വീടാ'യിരുന്നു ഞങ്ങളുടെ കൊങ്കരയിലെ മങ്കത്തില്‍ തറവാട്‌. പടിഞ്ഞാറ്റ, കൊട്ടില്‍, കോമ്പിരി, അകത്തിറയം എന്നിങ്ങനെ മുറികളിലെ മൂലയിലെല്ലാം മണാട്ടികള്‍ ഒളിച്ചിരിക്കും.

പടിഞ്ഞാറ്റയില്‍ തൂക്കുവിളക്കിന്‌ താഴെ ഗുരുവായൂരപ്പന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച സ്ഥലത്ത്‌ കിണ്ടി, കവളിക തുടങ്ങി കുറെ ഓട്ടുപാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചിരിക്കും. പകല്‍ അതിനകത്തും കാണും മണാട്ടികള്‍. തണുത്തവെള്ളത്തില്‍ സുഖകരമായ 'പൊങ്ങിക്കിടപ്പ്‌'.

വീട്ടിലുള്ളവര്‍ മണാട്ടികളെ കാര്യമാക്കാറില്ല. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഇവയൊരു തലവേദനയായിരുന്നു. പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേക്കും പോകാന്‍ തന്നെ പേടിയാണ്‌.

പടിഞ്ഞാറ്റയുടെ പടിക്ക്‌ താഴെ മണാട്ടിയുണ്ടാകും. ബൈക്കില്‍ പോകുമ്പോള്‍ ഇടുന്ന ജാക്കറ്റ്‌ ധരിച്ചതുപോലെ, മുകള്‍ഭാഗത്ത്‌ ഓടിന്റെ നിറം. ഇരുഭാഗത്തും കാലും കൈയും കറുപ്പ്‌. നോക്കുമ്പോള്‍ അനങ്ങാതെ അങ്ങനെ ഇരിക്കും. കണ്ണുരുട്ടി കീഴ്‌ത്താടിയുടെ താഴെഭാഗം ചലിപ്പിച്ചുകൊണ്ടേയിരിക്കും.

ചിലപ്പോള്‍ ഒറ്റച്ചാട്ടമാണ്‌. ചാട്ടം മിക്കവാറും നമ്മുടെ ദേഹത്തേക്കായിരിക്കും.

വീട്ടില്‍ അതിഥികള്‍ വന്നാല്‍, മറ്റ്‌ സ്‌ത്രീകള്‍ക്ക്‌ പടിഞ്ഞാറ്റയില്‍ കിടക്കാന്‍ പറ്റാത്ത സമയത്ത്‌ വലിയമ്മയാണ്‌ പടിഞ്ഞാറ്റയില്‍ കിടക്കുക. അപ്പോള്‍ കുട്ടികളെ ആരെയെങ്കിലും വലിയമ്മ ഒപ്പം കിടത്തും. അന്ന്‌ രാത്രി ഉറക്കം വരില്ല. തലയറ്റം പുതപ്പുമൂടിയാണ്‌ രാത്രി കഴിച്ചുകൂട്ടുക.

'വേഗം ഉറങ്ങിക്കോ മണാട്ടി വരും' എന്ന്‌ ചെറിയ കുട്ടികളെ വലിയമ്മ പറഞ്ഞ്‌ പേടിപ്പിക്കുകയും ചെയ്യും.

മണവാട്ടിത്തവള എന്നാണ്‌ പേരെങ്കിലും നാട്ടില്‍ ഇവ 'മണാട്ടി'യാണ്‌. എല്ലാ വീടുകളിലും മണാട്ടികളുണ്ടാകും. ഇവ ചിലപ്പോള്‍ തോന്നുന്ന സമയത്ത്‌ പുറത്തേക്കും അകത്തേക്കും പോകും. ആരും ചോദിക്കാനും പറയാനുമില്ല.

പടിഞ്ഞാറ്റയില്‍ എന്റെ പാര്‍തി വല്യമ്മ (പാര്‍വ്വതി എന്ന്‌ യഥാര്‍ത്ഥ പേര്‌) മോര്‌ കലത്തിലാക്കി ഒരു മൂലയില്‍ വെച്ചിട്ടുണ്ടാകും. രാവിലെ പത്തുമണിയോടെയാണ്‌ വരാന്തയില്‍ നിന്ന്‌ തൈര്‌ കടഞ്ഞ്‌ മോര്‌ പടിഞ്ഞാറ്റയില്‍ കൊണ്ടുവെക്കുന്നത്‌.

ഉച്ചക്ക്‌ കളി കഴിഞ്ഞുവന്ന്‌ ദാഹിച്ച്‌ മോര്‌ എടുത്ത്‌ ഞങ്ങള്‍ സംഭാരം ഉണ്ടാക്കാന്‍ വട്ടംകൂട്ടും. പക്ഷേ പടിഞ്ഞാറ്റയിലേക്ക്‌ പോകാന്‍ പേടിയാണ്‌. എങ്ങനെയെങ്കിലും കയറി മോര്‌ എടുക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന്‌ മണാട്ടി ചാടിവീഴുമെന്ന്‌ ഉറപ്പാണ്‌. ചിലപ്പോള്‍ കലം കൈയില്‍ നിന്ന്‌ വീണ്‌ പൊളിയും.

കൊട്ടിലിലെ പത്തായത്തിലാണ്‌ ശര്‍ക്കരയും അവലും മറ്റും സൂക്ഷിക്കുന്നത്‌. ആരും കാണാതെ അത്‌ ഞങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കും. പകല്‍ സമയത്തും ഇരുട്ടുള്ള കൊട്ടിലില്‍ കയറി ശ്വാസമടക്കി പിടിച്ചാണ്‌ പത്തായത്തിലെ പലക തുറക്കുക. ചിലപ്പോള്‍ മണാട്ടികള്‍ ചാടിവീണ്‌ ഞങ്ങളുടെ 'ശര്‍ക്കര മോഷണം' കുളമാക്കും. വലിയമ്മ സംഗതി അറിയുകയും ചെയ്യും. പിറ്റെ ദിവസം മുതല്‍ ശര്‍ക്കരയുടെ സ്ഥാനം മാറും.

മോര്‌ കലത്തിന്റെ മുകളില്‍ സ്ഥാനംപിടിക്കുന്ന മണാട്ടിയെ വലിയമ്മയെ സോപ്പിട്ട്‌ അടിച്ചിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വലിയമ്മ ഇവയെ മുറ്റത്തേക്ക്‌ ആക്കിയാല്‍ തത്‌ക്കാലം സമാധാനമാണ്‌. പക്ഷേ വൈകുന്നേരമാകുന്നതോടെ ഈ പോയ കക്ഷികള്‍ പടിഞ്ഞാറ്റയില്‍ അതേ സ്ഥാനത്ത്‌ ഇരിപ്പുണ്ടാകും.

സന്ധ്യയ്‌ക്കു നാമം ചൊല്ലുന്ന സമയത്ത്‌, അതായത്‌ ആറര ആറേമുക്കാലിന്‌, മണാട്ടികള്‍ ഒന്നിനുപിറകെ ഒന്നായി മുറ്റത്തേക്ക്‌ പോകും.

രാവിലെ വാതില്‍ തുറക്കാന്‍ നേരത്ത്‌ ഇവ പടിക്കുതാഴെ കാത്തിരിക്കുന്നുണ്ടാകും-അകത്തു കയറാന്‍. 'രാത്രി ഡ്യൂട്ടി' കഴിഞ്ഞ്‌ എല്ലാവരും പടിക്കു താഴെ ഇരിക്കുന്ന അന്നത്തെ കാഴ്‌ച കൗതുകകരമായിരുന്നു.

പകല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്‌ പേടിച്ചാണ്‌ തവളകള്‍ വീട്ടിനുള്ളില്‍ കഴിയുന്നതെന്ന്‌ നാട്ടിലൊരു കഥയുണ്ട്‌.രാവിലെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറ്റയിലെ മണാട്ടികള്‍ പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേത്‌ കൊട്ടിലിലേക്കും വഴിതെറ്റാതെ പോകുന്ന കാഴ്‌ച എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്‌.

മണാട്ടികളുടെ കാലാവസ്ഥാ പ്രവചനം ഇന്നാലോചിച്ചു നോക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മണാട്ടികളുടെ 'പെര്‍ഫോമന്‍സ്‌'.

ചില ദിവസങ്ങളില്‍ മണാട്ടികള്‍ രാവിലെ തന്നെ കരയാന്‍ തുടങ്ങും. ക്രൂത്ത്‌......, ക്രൂത്ത്‌......., ക്രൂത്ത്‌...... ഇതിനെതിരായി ഞങ്ങളും ക്രൂത്ത്‌, ക്രൂത്ത്‌, ക്രൂത്ത്‌ ശബ്ദം ഉണ്ടാക്കും. മണാട്ടികള്‍ കരയുമ്പോള്‍ വലിയമ്മ പറയും 'ഇന്ന്‌ രാത്രി എന്തായാലും മഴയുണ്ടാകും'.

സംഗതി റെഡി.

അന്ന്‌ രാത്രി കനത്ത മഴ.

ആകാശം മേഘാവൃതമായിരിക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റേഡിയോയിലെ കാലാവസ്ഥയൊന്നും നാട്ടുകാര്‍ക്ക്‌ വേണ്ട, മണാട്ടികള്‍ മതി.മണാട്ടികള്‍ക്ക്‌ കര്‍ഷകരുടെ വീടുകളിലെ പിടഞ്ഞാറ്റയില്‍ സ്ഥാനം കിട്ടിയത്‌ ഇവ കാലാവസ്ഥാ പ്രവാചകരായതുകൊണ്ടാണോ എന്ന്‌ ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്‌.

അക്കാലത്ത്‌ ഒരു മാസികയില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഡയറക്ടറോട്‌ ജോലിക്കാരന്റെ ചോദ്യം-"സാര്‍, ഇന്ന്‌ എന്താണ്‌ അറിയിപ്പ്‌ കൊടുക്കേണ്ടത്‌". മുറിയുടെ മൂലയില്‍ നിന്ന്‌ മണാട്ടികള്‍ കരയുന്നത്‌ കേട്ട ഡയറക്ടര്‍-"മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കൊടുത്തേക്ക്‌"!

തറവാടുകളിലെ അംഗങ്ങളായിരുന്ന മണാട്ടികള്‍ക്ക്‌ വീടുകളില്‍ അന്ന്‌ വേണ്ടത്ര സംരക്ഷണവും കിട്ടിയിരുന്നു. ആരും ഒന്നിനെപ്പോലും കൊന്നതായി പറയുന്നത്‌ കേട്ടിട്ടില്ല.

രാത്രി പെട്രോമാക്‌സുമായി കുണിയന്‍ പുഴ കടന്നു വരുന്ന തവളപിടുത്തക്കാരന്‍ രാഘവനും മണാട്ടിയെ പിടിക്കാറില്ല-കൈയും കാലും നേര്‍ത്തതുകൊണ്ടാകാം. അവര്‍ക്ക്‌ വേണ്ടത്‌ വലിയ 'പോക്കന്‍ തവള'യെയാണ്‌.

ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും യഥേഷ്ടം വിഹരിക്കുന്ന ഈ തവളകള്‍ 'വിശുദ്ധ മണവാട്ടികള്‍' തന്നെയാണ്‌. ഇന്ന്‌ പല തറവാടുകളിലും മണാട്ടികള്‍ കുറവാണ്‌. ഈ വംശനാശം എന്നെ വേദനിപ്പിക്കുന്നു.