ഒരിക്കലും തീരാത്ത ആ കലണ്ടര്‍
വീട്ടില്‍ ഇറയത്തെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ആ മാതൃഭൂമി കലണ്ടര്‍ ഒരിക്കലും തീരില്ല.കൊല്ലം കഴിഞ്ഞ് കിട്ടിയാല്‍ പുസ്‌തകത്തിന് പൊതിയിടാമായിരുന്നുവെന്ന് എപ്പോഴും വിചാരിക്കും.പക്ഷെ കലണ്ടര്‍ തീരില്ല.
കൊല്ലം 1974.ഞാന്‍ നാലാം ക്ലാസില്‍ .ജനവരി ഫിബ്രവരി മാസങ്ങള്‍ പെട്ടെന്ന് പോകും പിന്നെ അങ്ങോട്ട് മാസം തീരാനും കലണ്ടര്‍ മറിക്കാനും ഒരുപാട് കാലം വേണ്ടതു പോലെ തോന്നും.അന്ന് പുസ്‌ത്തകത്തിന് പൊതിയാന്‍ ബൈന്‍ഡിങ്ങ് പേപ്പര്‍ ഒന്നും അത്ര എളുപ്പം കിട്ടുമായിരുന്നില്ല.ദിനപ്പത്രമാണ് ആശ്രയം.പക്ഷെ അതുകൊണ്ട് പൊതിഞ്ഞാല്‍അധികനാള്‍ നില്‍ക്കില്ല.മുഷിഞ്ഞ് കീറിപ്പോകും.അതുകൊണ്ടാണ് ചുമരിലെ കലണ്ടര്‍ തീരുന്നതും കാത്തിരിക്കുന്നത്.
കലണ്ടര്‍ കടലാസ് നല്ല കട്ടിയുള്ളതാണ്.പൊതിഞ്ഞാല്‍ അങ്ങിനെ നിന്നുകൊള്ളും.ബൈന്‍ഡിങ്ങ് പേപ്പര്‍ കിട്ടിയില്ലെങ്കിലും വല്ലപ്പോഴും കിട്ടുന്ന സോവിയറ്റ് ലാന്റ് മാസികയുടെ കടലാസ് മനോഹരമായിരുന്നു.സോവിയറ്റ് നാട്ടില്‍ നിന്ന് വരുന്ന മാസികയുടെ രണ്ടോ,മൂന്നോ ഷീറ്റ് ആരെങ്കിലും കൂട്ടുകാര്‍ തന്നാല്‍ അന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടും.നല്ല മെഴുകിന്റെ വഴുവഴുപ്പുള്ള കടലാസ്.ഒരു പ്രത്യേക മണം.പിന്നെനിറയെ വന്‍നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍.പൊതിഞ്ഞ് ക്ലാസില്‍ കൊണ്ടുപോയാല്‍ എല്ലാവരും ശ്രദ്ധിക്കും.അമ്മ നന്നായി പൊതിഞ്ഞുതരും മിക്കവരും കണക്കിന്റെ ഇരുന്നൂറ് പേജിനാണ് സോവിയറ്റ് ലാന്റ് കടലാസ് പൊതിയുക.
വീട്ടില്‍ ഇറയത്തെചുമരില്‍ പല ഭാഗത്തും കലണ്ടര്‍ ഉണ്ടാകും.മാത്രഭൂമി കലണ്ടറാണ് വലിയ കലണ്ടര്‍.പൊതിയാന്‍ വേണ്ടത്ര വീതിയുള്ള കടലാസാണതില്‍ പിന്നെയുള്ളത് പയ്യന്നൂര്‍വിപികെ പൊതുവാളുടെ"ജോതിസ്സദനം"കലണ്ടര്‍.പക്ഷെ അത് വീട്ടില്‍ വാങ്ങാറില്ല മറ്റ് വീടുകളില്‍ കാണും.മാതൃഭൂമി കൂടാതെ ചില ബാങ്കിന്റെയും കലണ്ടര്‍ ഉണ്ടാകും.പിന്നെ നല്ല ഒറ്റ ചിത്രമുള്ള ശിവകാശി കലണ്ടറാണ്.
മാത്രഭൂമി കലണ്ടര്‍ കൊല്ലം കഴിഞ്ഞാലെ എടുക്കാന്‍ പറ്റൂ.ജനവരി ഫിബ്രവരി കഴിഞ്ഞാല്‍ കീറിയെടുക്കാന്‍ പറ്റില്ല.മറ്റു രണ്ടുമാസങ്ങള്‍ കൂടി മറുവശത്തുണ്ടാകും.ഒരുഷീറ്റ് വേണ്ടാതാകണമെങ്കില്‍ മൂന്ന് നാല് മാസങ്ങള്‍ കഴിയണം.രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍് കൊല്ലം 1972, മൂന്നാം ക്ലാസില്‍ 1973.അന്നൊന്നും കലണ്ടര്‍ അത്ര പെട്ടന്ന് മറിയാത്തത് പോലെയാണ്.മാസത്തില്‍ നൂറു ദിവസമുള്ളത് പോലെ തോന്നും.1975ലെ കലണ്ടറില്‍ പെട്ടെന്ന് പോയതുപോലെ തോന്നി.ഡിസംമ്പര്‍ മാസം എല്ലാദിവസവും കലണ്ടര്‍ നോക്കും.മാസം കഴിയുന്ന ദിവസം തുള്ളിച്ചാടി.ആറ് ഷീറ്റ് കലണ്ടര്‍ സ്വന്തമായി,12 പുസ്‌ത്തകത്തിന് പൊതിയാം.കലണ്ടര്‍ കയ്യില്‍ കിട്ടി.നല്ല മണം.രാത്രി മുഴുവന്‍ പൊതിയലായിരുന്നു അമ്മയ്‌ക്ക് ജോലി.അപ്പോഴേക്കും മാതൃഭൂമി എന്ന് ചുരുട്ടി എഴുതിയപുതിയ കലണ്ടര്‍ ചുവരില്‍ സ്ഥാനം പിടിച്ചു.
ന്യൂ ഇയര്‍ അത്രയ്‌ക്ക് ആഘോഷമായിരുന്നില്ല പക്ഷെ പുതിയ കൊല്ലം നല്ല പൊതിയിട്ട പുസ്‌തകങ്ങളുമായിട്ടായിരുന്നു സ്‌കൂളിലേക്കുള്ളയാത്ര